ദുബൈ: ബ്രിട്ടീഷ് എം.പിമാരുടെ ക്ഷണം സ്വീകരിച്ച് യു.എ.ഇ-യില്‍ നിന്നുള്ള ഇന്ത്യന്‍ സംരംഭക സംഘം ബ്രിട്ടീഷ് പാര്‍ലിമെന്റ് സന്ദര്‍ശി്കുന്നു.യു.എ.ഇയിലെ സംരംഭക കൂട്ടായ്മയായ ഇന്റര്‍ നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷനില്‍ അംഗങ്ങളായ അമ്പതോളം മലയാളി സംരംഭകരാണ് ബ്രിട്ടനിലേക്ക് കഴിഞ്ഞ ദിവസം യാത്ര തിരിച്ചത്. ഒരാഴ്ചക്കാലത്തോളം ബ്രിട്ടനില്‍ സന്ദര്‍ശനം നടത്തുന്ന സംഘം ഈ മാസം പതിനാറിന് മടങ്ങിയെത്തും. ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളെ സന്ദര്‍ശിക്കുന്ന സംഘം പാര്‍ലമെന്റ് മന്ദിരത്തില്‍ എംപിമാരുമായി നേരിട്ട് സംവദിക്കുകയും വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്യും. എംപിമാര്‍ക്ക് പുറമെ, തിരഞ്ഞെടുക്കപ്പെട്ട യുകെ സംരംഭകര്‍, സ്ഥാപന മേധാവികള്‍ എന്നിവരുമായി സംഘം ആശയവിനിമയം നടത്തും. തുടര്‍ന്ന് ഐ.പി.എ സംഘം ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗണ്‍സില്‍ ഓഫ് കോമേഴ്സുമായി വ്യാവസായിക നിക്ഷേപ മേഖലകളിലെ സഹകരണം സംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പു വയ്ക്കും.
സന്ദര്‍ശന വേളയില്‍ യുകെ-യിലെ പ്രധാന നഗരങ്ങളായ ലണ്ടന്‍, മാഞ്ചസ്റ്റര്‍, സ്‌കോട്ട്ലാന്‍ഡ് തുടങ്ങിയ പ്രദേശങ്ങളും സംഘം സന്ദര്‍ശിക്കും. യാത്രക്ക് ആവശ്യമായ വിസ, ടിക്കറ്റ്, താമസം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നത് യു.എ.ഇയിലെ പ്രമുഖ ട്രാവല്‍ സംരംഭമായ സ്മാര്‍ട്ട് ട്രാവല്‍സിന്റെ മേല്‍നോട്ടത്തിലാണ്. യുകെ-യിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലേക്കുള്ള ബിസിനസ് പഠന യാത്രകള്‍, ഫാക്ടറി സന്ദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കാനും പുതിയ നിക്ഷേപ അവസരങ്ങള്‍ തേടാനും തങ്ങളുടെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ യുകെയിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും സംഘം ഈ അവസരം ഉപയോഗപ്പെടുത്തും.
്ബ്രിട്ടനിലെ പ്രമുഖ സ്ഥലങ്ങളിലെ നിക്ഷേപ അവസരങ്ങളെ കുറിച്ച് സാധ്യതാ പഠനം നടത്തുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് ഐ.പി.എ ചെയര്‍മാന്‍ സൈനുദ്ധീന്‍ ഹോട്ട് പാക്ക് പറഞ്ഞു. യു.എ.ഇയില്‍ നിന്ന് ആദ്യമായാണ് ഇത്തരത്തിലൊരു സംഘം ബ്രിട്ടനിലേക്ക് യാത്ര തിരിക്കുന്നതെന്ന് ഐ.പി.എ ഫൗണ്ടറും മലബാര്‍ ഗോള്‍ഡ് & ഡയമന്‍ഡ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഫൈസല്‍ എ.കെ വ്യക്തമാക്കി. യു.എ.ഇ-യിലെ ബിസിനസ് പ്രമുഖരായ ഐ.പി.എ വൈസ് ചെയര്‍മാന്‍ കൂടിയായ റിയാസ് കില്‍റ്റണ്‍, ട്രഷറര്‍ സി.എ ശിഹാബ് തങ്ങള്‍, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അന്‍പതോളം പേരാണ് ഈ യാത്രാ സംഘത്തിലുള്ളത്. ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൌണ്‍സില്‍ ഓഫ് കോമേഴ്സുമായി സഹകരിച്ചാണ് ഐ പി എ ഈ യാത്ര സംഘടിപ്പിക്കുന്നത്. യു.എ.ഇ-യിലെ പ്രവാസി വ്യവസായികളുടെ സംഘത്തിന്റെ ഈ ഐതിഹാസിക യാത്രയുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് സ്മാര്‍ട്ട് ട്രാവല്‍സ് ചെയര്‍മാന്‍ അഫി അഹമ്മദ് പറഞ്ഞു.