News Desk: നവമാധ്യമ രംഗത്തെ ഏറ്റവും ജനപ്രീതി നേടിയ പ്ലാറ്റ്‌ഫോമായിരുന്നു ട്വിറ്റര്‍. ലോകഭരണാധികാരിളും സെലിബ്രിറ്റികളും ഭരണകൂട സംവിധാനങ്ങളുമെല്ലാം ആശയവിനിമയത്തിനായി ഒരു പരിധിവരെ ട്വിറ്ററിനെ ആശ്രയിച്ചിരുന്നു എന്നത് തന്നെ ആ മാധ്യമത്തിന് കിട്ടിയ ലോകോത്തര അംഗീകാരമാണ്. അതുകൊണ്ടാണ് കോടിക്കണക്കിന് ഉപയോക്താക്കള്‍ പിന്‍തുടരുന്ന ജനകീയ പ്ലാറ്റ്‌ഫോമായി ട്വിറ്റര്‍ മാറിയത്. എന്നാല്‍ ഈ അടുത്തയിടെ ട്വിറ്ററിന്റെ പേരിലും രൂപത്തിലും ഭാവത്തിലും കാതലായ മാറ്റം വന്നു. ഇന്ന് ട്വിറ്ററിനെ ലോകം അറിയപ്പെടുന്നത് എക്സ് എന്ന പേരിലാണ്. ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് ശേഷമാണ് പുതിയ പേര് മാറ്റത്തിന് കാരണമായത്. എക്‌സ് (x) എന്ന ഇംഗ്ലീഷ് അക്ഷരം തന്നെയാണ് എക്‌സിന്റെ ലോഗോയും. അങ്ങനെ അടിമുടി മാറിയ എക്‌സ് പുതിയ ജനപ്രിയ സവിശേഷതകള്‍ കൂടി അവതരിപ്പിക്കുകയാണെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചു.
അതായത് ഫോണ്‍ നമ്പര്‍ ഇല്ലാതെ തന്നെ എക്സിലൂടെ ഓഡിയോ-വിഡിയോ കോള്‍ ചെയ്യാന്‍ സാധ്യമാകുന്ന പുതിയ ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. എക്‌സിനെ’എല്ലാം തികഞ്ഞൊരു ആപ്പ്’ എന്ന നേട്ടത്തിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്. വിഡിയോ കോള്‍ സംവിധാനം വൈകാതെ എക്‌സില്‍ അവതരിപ്പിക്കുമെന്ന് എക്‌സ് അധികൃതര്‍ കുറച്ചുദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ഏറ്റവും പുതിയ എക്സ് പോസ്റ്റിലൂടെയാണ് വിഡിയോ, ഓഡിയോ കോളുകള്‍ ചെയ്യാന്‍ കഴിയുമെന്ന വാഗ്ദാനം മസ്‌ക് നല്‍കിയിരിക്കുന്നത്. പുതിയ വിഡിയോ കോളിംഗ് ഓപ്ഷന്റെ ചിത്രങ്ങളും അദ്ദേഹം എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.
ഐ.ഒ.എസ്, ആന്‍ഡ്രോയിഡ്, മാക്, പി.സി എന്നിവയില്‍ വിഡിയോ, ഓഡിയോ കോളിങ് സംവിധാനം പ്രവര്‍ത്തന സജ്ജമാകുമെന്ന് എലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. വാട്‌സാപ്പില്‍ നിലവില്‍ ഉപയോഗിക്കുന്നതുപോലെ തന്നെ ട്വിറ്ററിലും വിഡിയോ കോള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ പരിധിയിലായിരിക്കും പ്രവര്‍ത്തിക്കുക. ഫെയ്‌സ്ബുക്ക് യുട്യൂബ് എന്നിവ പോലെ വലുതും ദൈര്‍ഘ്യമേറിയതുമായ പോസ്റ്റുകളും വിഡിയോകളും ഇനിമുതല്‍ എക്‌സിലൂടെ പങ്കുവയ്ക്കാം. മാത്രമല്ല പരസ്യവരുമാനത്തില്‍ നിന്നും ലഭിക്കുന്നതിന്റെ ഓഹരി വിഹിതം തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കളുമായി പങ്കിടാന്‍ തുടങ്ങിയും മസ്‌കിന്റെ മികച്ച തീരുമാനമാണ്.