റാസല്‍ഖൈമ-ഒമാന്‍ അന്താരാഷ്ട്ര ബസ് സര്‍വീസിന് തുടക്കം

Share

ദുബായ്: അന്താരാഷ്ട്ര ഗതാഗത സംവിധാനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ യു.എ.ഇ-യിലെ റാസല്‍ഖൈമ എമിറേറ്റില്‍ നിന്ന് ഒമാനിലേക്ക്് ബസ് സര്‍വീസ് ആരംഭിച്ചു. റാസല്‍ഖൈമയില്‍ നിന്ന് ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റുമായി ബന്ധിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര പൊതുബസ് സര്‍വീസാണിതെന്ന് റാസല്‍ ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച് റാസല്‍ ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മുസന്ദം മുനിസിപ്പാലിറ്റിയുമായി സഹകരണ കരാറില്‍ ഒപ്പുവെച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യക്തികളുടെയും വിനോദസഞ്ചാരികളുടെയും സഞ്ചാരം വര്‍ധിപ്പിക്കുന്നതിനായാണ് ഈ ബസ് സര്‍വീസ് തുടങ്ങിയിരിക്കുന്നതെന്ന ്അധികൃതര്‍ പറഞ്ഞു. ബസ് സര്‍വീസ് റാസല്‍ഖൈമ അല്‍ദൈത് സൗത്ത് ഏരിയയിലെ പ്രധാന ബസ് സ്റ്റേഷനില്‍ നിന്നാണ് ആരംഭിക്കുന്നത്. മുസന്ദം ഗവര്‍ണറേറ്റില്‍ പെട്ട ഖസബിലെ വിലായത്തില്‍ സര്‍വീസ് അവസാനിക്കും. റാസല്‍ ഖൈമ എമിറേറ്റിലെ റാംസ് ഏരിയ, ഷാം ഏരിയ, മുസന്ദം ഗവര്‍ണറേറ്റിനുള്ളിലെ ഹാര്‍ഫ് ഏരിയ, ഖദ ഏരിയ, ബുഖയിലെ വിലായത്ത്, തിബാത്ത് ഏരിയ എന്നിവ ബന്ധിപ്പിച്ചാണ് ബസ്് സര്‍വീസ് നടത്തുന്നത്. ഒരാള്‍ക്ക് ഏകദേശം 300 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെയാണ് യാത്രാ ചെലവ്. യാത്ര ബുക്ക് ചെയ്യുന്ന ടൂര്‍ ഓപ്പറേറ്റര്‍മാരെ അടിസ്ഥാനമാക്കി പാക്കേജിന്റെ ആകെയുള്ള നിരക്കില്‍ വ്യത്യാസം ഉണ്ടായേക്കാമെന്ന് ്അധികൃതര്‍ വ്യക്തമാക്കി. പിക്ക് ആന്‍ഡ് ഡ്രോപ്പ് കൂടാതെ ഭക്ഷണം ഉള്‍പ്പെടെയുള്ള പാക്കേജാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വാഗ്ദാനം ചെയ്യുന്നത്.