ഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനായുള്ള പാചകവാതക വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയും കുറച്ചു. പുതുക്കിയ വില അനുസരിച്ച് 19 കിലോ പാചക വാതകം അടങ്ങിയ സിലിണ്ടറിന് 158 രൂപയാണ് കുറവ് വരുന്നത്. വിലക്കുറവ് ഇന്നുമുതല്‍ രാജ്യത്ത് പ്രാബല്യത്തിലായതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള ഗ്യാസിന് 200 രൂപ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കുറച്ചിരുന്നു. 3 കോടി പേര്‍ക്ക് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം കിട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രധാന മന്ത്രി ഉജ്വല്‍ യോജനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിലവില്‍ ഒരു സിലിണ്ടറിന് 200 രൂപ കിഴിവ് ലഭിക്കുന്നുണ്ട്. പുതുക്കിയ ഇളവും കൂടി പരിഗണിക്കുമ്പോള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് 703 രൂപയ്ക്ക് പാചക വാതക സിലിണ്ടര്‍ ലഭിക്കും. 75 ലക്ഷം പുതിയ ഉജ്വല യോജന കണക്ഷനുകള്‍ കൂടി നല്‍കാന്‍ തീരുമാനമെടുത്തതായും കേന്ദ്രം അറിയിച്ചു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2023 ജൂലൈ 1 വരെയുള്ള കണക്കനുസരിച്ച് ഉജ്ജ്വല യോജനയില്‍ 9.59 കോടി ഗുണഭോക്താക്കളാണുള്ളത്.
അതേസമയം എല്‍പിജി-യുടെ വിലക്കുറവ് വീട്ടുചെലവുകള്‍ ഗണ്യമായി ലഘൂകരിക്കാന്‍ സഹായകമാകും. 2023 ജൂലൈ മാസത്തില്‍ ഇന്ത്യയിലെ പണപ്പെരുപ്പം 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.44 ശതമാനത്തിലെത്തിയിരുന്നു. പ്രധാനമായും ഭക്ഷ്യവിലയിലുണ്ടായ വര്‍ധനയാണ് ഇതിന് കാരണമായി പറയുന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ 49.4 ശതമാനം കുടുംബങ്ങളുടെയും, നഗരങ്ങളിലെ 89 ശതമാനം കുടുംബങ്ങളുടെയും പാചകത്തിനായുള്ള പ്രധാന ഊര്‍ജ ഉറവിടം എല്‍.പി.ജി ആണ്. അതേസമയം ഡല്‍ഹി, ഗോവ, കര്‍ണാടക, തെലങ്കാന, സിക്കിം എന്നിവിടങ്ങളില്‍ 90 ശതമാനത്തിലധികം കുടുംബങ്ങളും പാചകത്തിനായി ബയോഗ്യാസ് പോലുള്ള ശുദ്ധമായ ഊര്‍ജത്തിനെയാണ് ആശ്രയിക്കുന്നത്.
കൊവിഡ് കാലത്ത് പാചകവാതക സബ്‌സിഡി കൂടിയാലോചനകളില്ലാതെ സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നു. അന്ന് കേവലം അറുന്നൂറ് രൂപയ്ക്ക് കിട്ടിയിരുന്ന സിലിണ്ടറിന്റെ വില അതോടെ ആയിരത്തിനു മുകളിലേക്ക് കുതിച്ചുയര്‍ന്നു. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ വില കുറയ്ക്കാന്‍ കൂട്ടാക്കിയിരുന്നില്ല. അതേസമയം ഇപ്പോഴും ഉയര്‍ന്ന വിലയില്‍ തുടരുന്ന പെട്രോള്‍ ഡീസല്‍ വിലയില്‍ യാതൊരു ഇടപെലും നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പെട്രോള്‍ ഡീസല്‍ വിലയില്‍ കാര്യമായ കുറവ് അനുഭവപ്പെട്ടാല്‍ അത് വിപണിയിലെ മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സഹായകമാകും. എന്നാല്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.