ദുബായ്: ദുബായില്‍ നിന്നും ഹോങ്കോങ്ങിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ഫിലിപ്പന്‍സ്, ഹോങ്കോങ്ങ് എന്നിവിടങ്ങളില്‍ നാശം വിതയ്ക്കുന്ന സയോള ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അനുഭവപ്പെടുന്ന പ്രതികൂല കാലാവസ്ഥ കാരണമാണ് ഫ്‌ലൈറ്റുകള്‍ റദ്ദാക്കിയതെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി. ഇന്ന് 2023 സെപ്റ്റംബര്‍ 1-ന് നിശ്ചയിച്ചിരുന്ന EK380, EK384 DXBHKG, BKK-HKG എന്നീ ഫ്‌ലൈറ്റുകളും സെപ്റ്റംബര്‍ 2-ന് സര്‍വീസ് നടത്തേണ്ട EK381, EK385 HKGDXB, HKGBKK എന്നീ വിമാനങ്ങളുമാണ് നിലവില്‍ റദ്ദാക്കിയിരിക്കുന്നത്.
ഹോങ്കോങ്ങിലേക്കുള്ള യാത്രയ്ക്കായി കണക്ടട് ഫ്‌ലൈറ്റില്‍ ദുബായിലെത്തുന്നവര്‍ക്കും വിമാനങ്ങള്‍ റദ്ദ് ചെയ്ത സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി. ട്രാവല്‍ ഏജന്‍സിയിലൂടെ ബുക്കിംഗ് നടത്തിയിട്ടുള്ളവര്‍ അവരുമായി ബന്ധപ്പെട്ട് യാത്രയ്ക്കുള്ള പുന:ക്രമീകരണം നടത്തണമെന്നും എമിറേറ്റ്‌സില്‍ നിന്നും നേരിട്ട് ടിക്കറ്റ് എടുത്തവർ റീബുക്കിംഗിനുവേണ്ടി എമിറേറ്റ്‌സ് ഓഫീസുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. ഹോങ്കോങ്ങിലെ നിലവിലെ കാലാവസ്ഥ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും സര്‍വീസുകള്‍ പുന:ക്രമീകരിക്കുകയെന്നും എമിറേറ്റ്‌സ് അറിയിച്ചിട്ടുണ്ട്.