സിപിഎം-നെതിരെ വടിയെടുത്ത് കോടതി; ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി

Share

കൊച്ചി: ഇടുക്കി ബൈസണ്‍വാലിയിലെയും ശാന്തന്‍പാറയിലെയും സിപിഐഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ നടപടി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്വമേധയാ കേസെടുത്തു. സിവി വര്‍ഗീസ് അജ്ഞത നടിച്ചുവെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്തും ആകാമോയെന്നും കോടതി ആരാഞ്ഞു. രണ്ടിടങ്ങളിലേയും പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി ഉത്തരവ് കിട്ടിയിട്ടില്ലെന്ന സാങ്കേതികത്വം ചൂണ്ടികാട്ടി ഓഫീസ് നിര്‍മ്മാണം തുടരുകയാണ്. ഇതാണ് കോടതിയെ ചൊടിപ്പിച്ചതും ജില്ലാ സെക്രട്ടറിക്കെതിരെ സ്വമേധയാ കേസെടുത്തതും. എന്നാല്‍ നിര്‍മ്മാണം അനധികൃതമല്ലെന്നും നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഓഫീസ് നവീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പാര്‍ട്ടിയുടെ വിശദീകരണം. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതിയുടെ ഉത്തരവെന്നും ഉത്തരവിനെ നിയമപരമായി നേരിടുമെന്നും സി.വി വര്‍ഗ്ഗീസ് പ്രതികരിച്ചിരുന്നു.