തൊടുപുഴ: മുഖ്യമന്ത്രിക്കെതിരെയും മകള്‍ വീണ വിജയനെതിരെയും വന്‍ അഴിമതി ആരോപണവുമായി വീണ്ടും മാത്യൂ കുഴല്‍നാടന്‍ എം.എല്‍.എ. കേരളത്തില്‍ നടക്കുന്നത് ആസൂത്രിത കൊള്ളയും സ്ഥാപനവത്കരിച്ച അഴിമതിയുമാണെന്നും മാത്യു കുഴല്‍നാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കര്‍ത്ത കമ്പനിയില്‍ നിന്നുള്ള 1.72 കോടി മാത്രമല്ല വീണ വിജയന്‍ പല കോടികള്‍ കൈപ്പറ്റിയെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. ഒരു കമ്പനിയുടെ കണക്ക് മാത്രമാണ് പുറത്ത് വന്നിരിക്കുന്നതെന്നും വീണാ വിജയന്‍ കടലാസ് കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിക്കുകയാണെന്നും കുഴല്‍നാടന്‍ ആരോപിച്ചു. മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന കൊള്ളയറിഞ്ഞാല്‍ കേരളം ഞെട്ടുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ ഇതുവരെ കണ്ടെത്തിയ തെളിവുകള്‍ പുറത്ത് വിടുമെന്ന് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. രേഖകള്‍ പുറത്ത് വിട്ടാല്‍ കേരളം ഞെട്ടുമെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
എക്‌സാലോജികിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടടക്കം താന്‍ പുറത്ത് വിട്ടിരുന്നതായും കമ്പനിയുടെ രേഖകള്‍ പ്രകാരം 73 ലക്ഷം രൂപ നഷ്ടത്തില്‍ അവസാനിപ്പിച്ചുവെന്നും എന്നിട്ടും എങ്ങിനെയാണ് പണം കൈയ്യില്‍ ബാക്കിയുണ്ടാവുകയെന്നും കുഴല്‍നാടന്‍ ചോദിച്ചു. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഏറ്റവും പ്രധാന കണ്ടെത്തല്‍ മറ്റൊന്നാണ്. എക്‌സാലോജിക് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ എജ്യൂക്കേഷന്‍ സോഫ്റ്റ്വെയറാണ് തങ്ങളുടെ പ്രധാന ബിസിനസ് എന്ന് പറയുന്നുണ്ട്. കരിമണല്‍ കമ്പനിക്ക് വിദ്യാഭ്യാസവുമായി എന്താണ് ബന്ധം എന്നും അദ്ദേഹം ചോദിച്ചു.
എക്‌സാലോജിക് കമ്പനിയുമായും വീണയുമായും ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. നേരിട്ട് വാങ്ങിയത് ഇത്രയാണെങ്കില്‍ അല്ലാത്തത് എത്ര രൂപയായിരിക്കും? ഇന്നത്തെ ദിവസം എക്‌സാലോജിക്കിന്റെയും വീണ വിജയന്റെയും ജിഎസ്ടി ക്ലോസ് ചെയ്തു. എന്തുകൊണ്ടാണ് ജിഎസ്ടി ക്ലോസ് ചെയ്തു? എത്ര കമ്പനികളില്‍ നിന്ന് പണം വാങ്ങിയെന്നും അദ്ദേഹം ചോദിച്ചു. മകള്‍ ഏതൊക്കെ കമ്പനിയില്‍ നിന്നാണ് പണം സ്വീകരിച്ചിട്ടുള്ളത്, അതിന് എന്തൊക്കെ സര്‍വീസ് ചെയ്തുവെന്ന് വെളിപ്പെടുത്താന്‍ പിണറായി വിജയന്‍ ഇനിയെങ്കിലും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.