അബുദബിയിലെ പുരാതന പള്ളി പുതുക്കിപ്പണിയുന്നു; ഒരു മില്ല്യന്‍ ദിര്‍ഹം ലുലു ഗ്രൂപ്പിന്റെ സമ്മാനം

Share

അബുദബി: യു.എ.ഇ-യിലെ പുരാതന പള്ളികളിലൊന്നായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പത്മശ്രീ ഡോ: എം.എ യൂസഫലി ഒരു മില്യണ്‍ ദിര്‍ഹം സംഭാവന ചെയ്തു. ജാതി, മത, വര്‍ഗ, വ്യത്യാസമില്ലാതെ മറ്റുള്ളവരെ സഹായിക്കാനുള്ള എം.എ യൂസഫലിയുടെ സന്മനസിന് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എല്‍ദോ എം. പോള്‍ നന്ദി അറിയിച്ചു. 2,000-ത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ പ്രാര്‍ത്ഥന ഹാള്‍ അടക്കമുള്ള കത്തീഡ്രലിന്റെ രണ്ടാംഘട്ട വികസനത്തിനായി 15 ദശലക്ഷം ദിര്‍ഹം ആവശ്യമാണെന്ന് വികാരിയച്ചന്‍ പറഞ്ഞു.

2022 ഡിസംബറില്‍ ആരംഭിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2024 മെയ് മാസത്തോടെ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ 40 ശതമാനത്തോളം പൂര്‍ത്തിയായതായും അടുത്ത മാസം അവസാനത്തോടെ കെട്ടിടത്തിന്റെ അടിസ്ഥാന ഘടന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ഖാലിദിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിക്ക് 1970-ല്‍ യുഎഇ-യുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനാണ് തറക്കല്ലിട്ടത്. പള്ളി ഇടവകയില്‍ 1,800 കുടുംബങ്ങളാണ് നിലവിലുള്ളത്.