NEWS DESK: ഉമ്മന് ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന സമയം അകാലത്തില്‍ മകന്‍ നഷ്ടപ്പെട്ട ഒരു നിരാലംബയായ സ്ത്രീയുടെ കുടുംബത്തിന് വേണ്ടി ചെയ്ത ചില ഉപകാരങ്ങള്‍, അത് ആ വീട്ടമ്മ ഒരു മാദ്ധ്യമത്തോട് തുറന്നു പറഞ്ഞതിന് പിന്നാലെ അവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു എന്ന വാര്‍ത്ത ഏറെ ദുഖവും അതിലേറെ ഞെട്ടലും ഉളവാക്കുന്നതാണ്. കൈതേപ്പാലം മൃഗാശുപത്രിയില്‍ സ്വീപ്പറായി ജോലി ചെയ്തിരുന്ന 52 വയസുള്ള സതിയമ്മക്കാണ് താന്‍ 11 വര്‍ഷക്കാലം ചെയ്തുകൊണ്ടിരുന്ന ജോലി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി നഷ്ടമായത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഒരു ചാനല്‍ വോട്ടര്‍മാരുടെ പ്രതികരണം തേടുന്നതിനിടെ തന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയെന്ന നല്ല മനുഷ്യന്‍ നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്‌തെന്നും മാത്രമല്ല മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം തന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തതും വലിയ അഭിമാനത്തോടെയും നന്ദിയോടെയുമാണ് സതിയമ്മ പ്രകരിച്ചത്്. അതുകൊണ്ട് ചാണ്ടി ഉമ്മന് ഇത്തവണ വോട്ട് ചെയ്യുമെന്ന നിലപാട് അവര്‍ വ്യക്തമാക്കുന്നു.
ഇതൊരു സാധാരണ വീട്ടമ്മയുടെ പ്രതികരണമാണ്. സര്‍ക്കാരിനെതിരെയോ എതിര്‍ സ്ഥാനാര്‍ത്ഥിയേയോ കളങ്കപ്പെടുത്തുന്ന ഒന്നും ആ പ്രതികരണത്തില്‍ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍ ഇതിനുശേഷം ജോലിക്കെത്തിയപ്പോള്‍ ഇനിമുതല്‍ ജോലിക്ക് കയറേണ്ടെന്ന നിര്‍ദേശമാണ് മുകളില്‍ നിന്നും ലഭിച്ചത്. അങ്ങനെ ഈ ഓണക്കാലത്ത് ആ പാവത്തിന്റെ ജോലിയും നഷ്ടമായി..അതും താല്‍ക്കാലികമാണെങ്കിലും 8,000 രൂപ മാസവേതനത്തില്‍ 11 വര്‍ഷക്കാലം ഒരേയിടത്ത് ചെയ്തുകൊണ്ടിരുന്ന ജോലി. സതിയമ്മയുടെ ഭര്‍ത്താവ് കൂലിവേല ചെയ്ത് കുടുംബം പോറ്റിയിരുന്ന ആളാണ്. എന്നാല്‍ അസുഖബാധിതനായി ഇപ്പോള്‍ ജോലിക്കു പോകാന്‍ കഴിയുന്നില്ല. നിലവില്‍ ആ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സതിയമ്മയുടെ വരുമാനം.
എന്തായാലും മാധ്യമങ്ങളില്‍ ചൂടുള്ള വാര്‍ത്തയായപ്പോള്‍ വകുപ്പ് മന്ത്രിയും അവര്‍ക്ക് വിടുപണിചെയ്യുന്ന ഉദ്യോഗസ്ഥ പുംഗവന്‍മാരും സാങ്കേതിക വിശദീകരണവുമായി ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്. സതിയമ്മയെ പുറത്താക്കിയത് ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ലെന്നും സതിയമ്മ താത്ക്കാലിക ജീവനകാരിയല്ലെന്നും അനധികൃതമായാണ് ഇവര്‍ ജോലി ചെയ്തതെന്നുമാണ് വകുപ്പ് മന്ത്രി ചിഞ്ചു റാണി പറയുന്നത്. ഏതോ ഒരു ജിജി എന്ന താത്കാലിക ജീവനക്കാരിക്ക് പകരക്കാരിയായാണ് ഇവര്‍ ജോലി ചെയ്തതെന്നാണ് സര്‍ക്കാര്‍ വാദം. ശരിയാണ്..അവര്‍ പകരക്കാരിയാണെങ്കില്‍ ഈ 11 വര്‍ഷക്കാലം എങ്ങനെയാണ് അവര്‍ ഒരേ സ്ഥലത്ത് ജോലി ചെയ്തതെന്നും ശമ്പളം പറ്റിയതെന്നും വിശദീകരിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. മാത്രമല്ല അനധികൃത ജോലിയിലുള്ള ഒരാളെ എങ്ങനെയാണ് പിരിച്ചുവിടുന്നതെന്നും സര്‍ക്കാര്‍ വിശദീകരിക്കണം.
ഈ വിഷയത്തില്‍ എന്ത് വിശദീകരണം നല്‍കിയാലും അതൊന്നും ആ പാവം വീട്ടമ്മയുടെ വരുമാന നഷ്ടത്തിന് പകരമാകില്ല. വാ തുറന്നാല്‍ സ്ത്രീ ശാക്തീകരണമാണ് സര്‍ക്കാര്‍ നയം എന്ന് സ്ഥാനത്തും അസ്ഥാനത്തും വച്ചു കാച്ചുന്ന മന്ത്രിമാര്‍ ജീവിതം വഴിമുട്ടിയ ഈ വീട്ടമ്മയുടെ ഗതികേടിന് മറുപടി പറയണം. ഈ വീട്ടമ്മയുടെ കഞ്ഞിപ്പാത്രത്തില്‍ മണ്ണ് വാരിയിട്ട ദുഷ്ടാത്മാക്കള്‍ അവരുടെ ജീവിക്കാനുള്ള അവകാശത്തിലാണ് കൊടുവാള്‍ വീശിയത്. പിരിച്ചുവിട്ട ജോലിയില്‍ അവരെ പ്രവേശിപ്പിച്ചാല്‍ ആത്മാഭിമാനം പോകുമെങ്കില്‍ തതുല്യ ശമ്പളത്തില്‍ മറ്റെവിടെയെങ്കിലും ആ വീട്ടമ്മയ്ക്ക് ഒരാശ്രയം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം..അങ്ങനെയെങ്കില്‍ ഇടതുപക്ഷമെന്ന ഹൃദയപക്്ഷം നയിക്കുന്ന ഈ സര്‍ക്കാരിന്റെ ജനസമ്മതി വീണ്ടും വീണ്ടും ഉയരുകയേയുള്ളൂ….