തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ കൈയിലില്ലാത്ത ഒരു നിമിഷത്തെക്കുറിച്ചുപോലും ചിന്തിക്കാന്‍ കഴിയാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഗുണങ്ങളേറെയാണെങ്കിലും മൊബൈല്‍ ഫോണ്‍ പലപ്പോഴും ഉപദ്രവകാരിയുമായി മാറാറുണ്ട്. നമ്മുടെ മനസാക്ഷി സൂക്ഷിപ്പുകാരനെപ്പോലെ എല്ലാ രഹസ്യങ്ങളും കരുതി വയ്ക്കുന്ന സന്തത സഹചാരിയാണ് ഓരോരുത്തര്‍ക്കും അവരുടെ സ്വന്തം മൊബൈല്‍. അതുകൊണ്ടുതന്നെ സ്വന്തം മൊബൈലിനോട് എല്ലാവര്‍ക്കും പ്രത്യേകതരം വൈകാരിക ബന്ധമുണ്ടാകും. ഈ സാഹചര്യത്തില്‍ സ്വന്തം മൊബൈല്‍ നഷ്ടപ്പെടുന്നത് ഒന്നോര്‍ത്തുനോക്കൂ? ഫോണ്‍ നഷ്ടപ്പെടുന്നതില്‍ മാത്രമല്ല ആശങ്ക അത് മറ്റുള്ളവരുടെ കൈയിലെത്തി ദുരുപയോഗം ചെയ്യപ്പെട്ടാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ എന്താണെന്ന് ആലോചിക്കാന്‍ പോലും കഴിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവസരോചിതമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് കേരള പോലീസ് കൃത്യമായി വിശദീകരിക്കുന്നുണ്ട്.
മൊബൈല്‍ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താല്‍ ആദ്യപടിയായി കഴിയുന്നത്ര വേഗത്തില്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്നാണ് കേരള പൊലീസിന്റെ അറിയിപ്പ്. കേരള പൊലീസിന്റെ പോല്‍ (POL) ആപ്പ് വഴിയോ ‘തുണ’ വെബ് പോര്‍ട്ടല്‍ വഴിയോ അല്ലെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയോ പരാതി നല്‍കാവുന്നതാണ്. പരാതിയില്‍ ഫോണിന്റെ ഐ.എം.ഇ.ഐ (IMEI) നമ്പര്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. മൊബൈലിനുള്ളിലുള്ള ഈ നമ്പര്‍ ഫോണ്‍ വാങ്ങുന്ന സമയം തന്നെ സുരക്ഷിതമായി കുറിച്ചുവയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തുടര്‍ന്ന്, സര്‍വീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുണം. ഇത് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്യുന്നത് തടയന്നതിനു വേണ്ടിയാണെന്ന് പോലീസ് കുറിപ്പില്‍ വിശദമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസ് ഇത്തരത്തിലൊരു ബോധവല്‍ക്കരണം പങ്കുവച്ചിരിക്കുന്നത്.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ….
നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?
നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താല്‍ എത്രയും വേഗം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാണ് വേണ്ടത്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ നേരിട്ടോ നിങ്ങള്‍ക്ക് പരാതി നല്‍കാം. പരാതിയില്‍ ഫോണിന്റെ IMEI നമ്പര്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. തുടര്‍ന്ന്, സര്‍വീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. നിങ്ങളുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇത് ഉപകരിക്കും.
സ്വകാര്യത ആവശ്യപ്പെടുന്ന വിവരങ്ങള്‍ നഷ്ടമായ ഫോണില്‍ ഉണ്ടെങ്കില്‍ അവ നിങ്ങള്‍ക്കുതന്നെ ഡിലീറ്റ് ചെയ്യാന്‍ കഴിയും. https://www.google.com/android/find/ എന്ന ഗൂഗിള്‍ ലിങ്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഈ പേജില്‍ ലോഗിന്‍ ചെയ്യുക. ഫോണ്‍ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഈ പേജില്‍ കാണാന്‍ കഴിയും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഫോണിലെ വിവരങ്ങള്‍ പൂര്‍ണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ച ഗൂഗിള്‍ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്തിരുന്നാല്‍ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ. ബാങ്ക് അക്കൗണ്ട്, പാസ്വേഡ് എന്നിവ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ഫോണില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ നിങ്ങളെ ഓര്‍മിപ്പിക്കുന്നു.