കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുന്‍ മന്ത്രി എ.സി മൊയ്തീന്റെ വീട്ടില്‍ ഇ.ഡി റെയിഡ്

Share

തൃശ്ശൂര്‍: കേരളത്തെ ഞെട്ടിച്ച 300 കോടി രൂപയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തുന്നു. രാവിലെ ഇന്ത്യന്‍ സമയം 7 മണിക്ക് അതീവ രഹസ്യമായി ആരംഭിച്ച റെയിഡ് ഇപ്പോഴും തുടരുകയാണ്. ബിനാമികളുടേതെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഇ.ഡി. റെയ്ഡ് പുരോഗമിക്കുകയാണ്. കൊച്ചിയില്‍ നിന്നുള്ള ഇ.ഡി. സംഘമാണ് റെയ്ഡ് നടത്തുന്നത്. ആരോപണം ഉയര്‍ന്നതു മുതല്‍ പണം തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് ഇ.ഡി. സമഗ്രമായി അന്വേഷിക്കുന്നുണ്ട്. നേരത്തെ കേരള പോലീസ് സംഭവം അന്വേഷിച്ചിരുന്നു. എന്നാല്‍ ചുരുക്കം ചില ബാങ്ക് ജീവനക്കാരിലേക്കും സി.പി.എമ്മിലെ ചില ജില്ലാ നേതാക്കള്‍ക്കുള്ളിലും അന്വേഷണം ചുരുങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഇ.ഡി. കേസ് ഏറ്റെടുത്തത്. നിരവധി ജീവനക്കാരുടെ മൊഴികളില്‍ പലതും മുന്‍ മന്ത്രിക്കെതിരാണെന്നതും നിര്‍ണായകമാണ്. തട്ടിപ്പില്‍ മന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് ഇ.ഡി ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 300 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. ക്രമ വിരുദ്ധമായി വായ്പ നൽകിയെന്നും ക്രമ വിരുദ്ധമായി രാഷ്ട്രീയ  ഇടപെടൽ നടത്തിയെന്നുമാണ് കണ്ടെത്തൽ. ഇത് കൂടാതെ എ സി മൊയ്തീനുമായി ബന്ധമുള്ളവരുടെ വീടുകളിലും അന്വേഷണം നടത്തിയിരുന്നു. നാളിതുവരെ എ സി മൊയ്തീൻ അടക്കമുള്ളവർ ഇ ഡിയുടെ നിരീക്ഷണത്തിലായിരുന്നു. കേരള പോലീസിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു ഇ.ഡി-യുടെ നീക്കവും റെയ്ഡും.