കെ-ഫോണ്‍ വിവാദത്തില്‍; സാമ്പത്തിക ക്രമക്കേട് കണ്ടെത്തി സി.എ.ജി

Share

തിരുവനന്തപുരം: എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ആശയത്തോടെ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച കെ-ഫോണ്‍ സ്വപ്‌ന പദ്ധതിയിലൂടെ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടായതായി സി.എ.ജി-യുടെ കണ്ടെത്തല്‍. മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതിലൂടെ 36 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനോട് സി.എ.ജി വിശദീകരണം തേടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെ-ഫോണ്‍ ഇന്റര്‍നെറ്റ് സംവിധാനത്തിന്റെ നടത്തിപ്പിനുവേണ്ടി ബെല്‍ കണ്‍സോര്‍ഷ്യവുമായി ഉണ്ടാക്കിയ കരാറിലാണ് ഇത്തരത്തില്‍ 36 കോടിയോളം രൂപയുടെ നഷ്ടം സര്‍ക്കാരിന് നഷ്ടം സംഭവിച്ചിരിക്കുന്നത്. പലിശരഹിത മൊബിലൈസേഷന്‍ ഫണ്ടാണ് ബെല്‍ കണ്‍സോര്‍ഷ്യത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. 1,531 കോടി രൂപയുടെ ടെണ്ടര്‍ ഉറപ്പിച്ചപ്പോള്‍ യാതൊരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാന്‍സ് ഇനത്തില്‍ നല്‍കിയെന്ന ഗുരുതരമായ സാമ്പത്തിക തിരിമറിയാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്. കെ ഫോണിന്റെ ടെണ്ടറില്‍ മൊബിലൈസേഷന്‍ അഡ്വാന്‍സിനെക്കുറിച്ച് പറയുന്നില്ല. പത്ത് ശതമാനം തുക അഡ്വാന്‍സ് നല്‍കണമെന്ന് കെ.എസ്.ഐ.ടി.എല്ലിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. ബെല്ലുമായി ഉണ്ടാക്കിയ പേയ്മെന്റ് ടേംസില്‍ സര്‍ക്കാരിന് കിട്ടേണ്ട പലിശയില്ല. പലിശയിനത്തില്‍ മാത്രം സര്‍ക്കാരിന് നഷ്ടം 36,35,57,844 കോടിയെന്നാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്.