ട്രാഫിക് അപകടങ്ങള്‍ ഒഴിവാക്കാം; പ്രചാരണത്തിന് തുടക്കമിട്ട് ദുബായ് പോലീസ്

Share

ദുബായ്: അപകടങ്ങളില്ലാത്ത ഒരു ദിവസം എന്ന ഹാഷ്ടാഗുമായി ദുബായ് പോലീസിന്റെ ക്യാംപയിന് തുടക്കം. ദുബായില്‍ സ്‌കൂളുകള്‍ തുറക്കുന്ന ഓഗസ്റ്റ് 28-ന് ട്രാഫിക് അപകടങ്ങള്‍ ഇല്ലാത്ത ദിവസം എന്ന ലക്ഷ്യത്തിനായി എമിറേറ്റിലെ പോലീസ് അധികൃതരുമായി സഹകരിച്ച് അന്നേ ദിവസം ദേശീയ ട്രാഫിക് സുരക്ഷാ ദിനമായി ആചരിക്കും. യുഎഇയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള രാജ്യവ്യാപക കാമ്പെയിന്റെ ഭാഗമായാണ് ദുബായ് പോലീസ് തുടക്കം കുറിച്ചിരിക്കുന്നത്. അദ്ധ്യയന വര്‍ഷാരംഭം മുതല്‍ അവസാനം വരെ റോഡിലെ അപകടങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് റോഡ് സുരക്ഷാ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇതിനായി A day without accidents എന്ന ഹാഷ് ടാഗില്‍ ദുബൈ പോലീസ് വെബ്‌സൈറ്റില്‍ പ്രത്യേകമായി ചേര്‍ത്തിട്ടുള്ള പ്രതിജ്ഞ ലിങ്കില്‍ സൈന്‍ അപ്പ് ചെയ്യണമെന്ന് എല്ലാവരോടും ദുബായ് പോലീസ് അഭ്യര്‍ത്ഥിച്ചു.

ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കുക, നിയുക്ത പാതകളില്‍ വാഹനമോടിക്കുക, അനധികൃത സ്ഥലങ്ങളിലെ പാര്‍ക്കിംഗ് ഒഴിവാക്കുക തുടങ്ങിയ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് എല്ലാവരോടും പോലീസ് അഭ്യര്‍ത്ഥിച്ചു. കാമ്പെയിന്റെ ഭാഗമായി എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ടില്‍ നിന്നുള്ള 217 ഡ്രൈവര്‍മാര്‍ക്കായി നിരവധി പ്രഭാഷണങ്ങളും പരിശീലനങ്ങളും ദുബായ് പോലീസ് സംഘടിപ്പിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍, ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും, എല്ലാ റോഡ് ഉപയോക്താക്കളുടെയും ജീവന്‍ സംരക്ഷിക്കുക എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രഭാഷണളും പരിശീലനങ്ങളും സംഘടിപ്പിച്ചത്. വാര്‍ഷിക കാമ്പെയ്നിലൂടെ കഴിഞ്ഞ വര്‍ഷം ഗതാഗത അപകടങ്ങളില്‍ ശ്രദ്ധേയമായ കുറവ് രേഖപ്പെടുത്തിയതായി ദുബായ് പോലീസ് പറഞ്ഞു.