വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; അധിക ബാഗേജ് നിരക്ക് കുറച്ചു

Share

ദുബായ്:  ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് യുഎഇ-യിലെ വിവിധ എമിറേറ്റുകളില്‍ നിന്നും യാത്ര ചെയ്യുമ്പോള്‍ ഈടാക്കിയിരുന്ന അധിക ബാഗേജ് ചാര്‍ജ്ജ് എയര്‍ഇന്ത്യ എക്‌സ്പ്രസ് മൂന്നിലൊന്നായി കുറച്ചു. കേരളമടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് അബുദാബി, ദുബായ്, ഷാര്‍ജ, റാസ് അല്‍ ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ നിന്നും യാത്ര പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് ഈ വന്‍ ആനുകൂല്യം ലഭിക്കുക. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളില്‍ 5 കിലോ അധിക ബാഗേജിന് ഇനിമുതല്‍ 49 ദിര്‍ഹം നല്‍കിയാല്‍ മതി, ഇതേ സ്ഥാനത്ത് മുമ്പ് നല്‍കിയരുന്നത് 150 ദിര്‍ഹമായിരുന്നു. നേരത്തെ 300 ദിര്‍ഹമായിരുന്ന 10 കിലോ അധിക ബാഗേജിന് ഇനിമുതല്‍ 99 ദിര്‍ഹം നല്‍കിയാല്‍ മതിയാകും. അതുപോലെ നേരത്തെ 500 ദിര്‍ഹമായിരുന്ന 15 കിലോ അധിക ബാഗേജിന് ഇനി നല്‍കേണ്ടത് 199 ദിര്‍ഹമാണ്.

ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, സൂറത്ത്, ട്രിച്ചി, വരാണാസി, അമൃത്‌സര്‍, ചണ്ഡിഗഡ് എന്നീ നഗരങ്ങളിലേക്ക് ഇതേ നിരക്ക് നല്‍കിയാല്‍ മതി. അതേസമയം ഷാര്‍ജയില്‍ നിന്ന് ഡല്‍ഹി, മുംബൈ, വിജയവാഡ, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ അനുവദനീയമായതില്‍ നിന്നും 5 കിലോ അധിക ബാഗേജ് സൗജന്യമായി കൊണ്ട് പോകാം. ഇവിടേക്കുള്ള 10 കിലോ അധിക ബാഗേജിന് 49 ദിര്‍ഹവും 15 കിലോയ്ക്ക് 199 ദിര്‍ഹമുമായിരിക്കും താല്‍ക്കാലികമായി പുതുക്കിയ നിരക്ക്. 2023 സെപ്റ്റംബര്‍ 30 വരെ ബുക്ക് ചെയ്യുകയും 2023 ഒക്ടോബര്‍ 19-നകം യാത്ര ചെയ്യുന്നവര്‍ക്കുമായിരിക്കും ഈ ആനുകൂല്യം ലഭിക്കുകയെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.