പിഴപ്പലിശ ഈടാക്കരുത്; ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ആര്‍ബിഐ

Share

ഡല്‍ഹി: സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമായ മാര്‍ഗനിര്‍ദേശങ്ങളുമായി ആര്‍ബിഐ. വായ്പയില്‍ മുടക്കം വരുത്തിയാല്‍ ഈടാക്കുന്ന പിഴ പലിശ ഒഴിവാക്കണമെന്ന് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഒരാള്‍ ലോണ്‍ എടുത്താല്‍ ഏതെങ്കിലും ഘട്ടത്തില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയാലോ മറ്റ് തിരിച്ചടവ് നിയമങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്താല്‍ പല ബാങ്കുകളും പിഴ പലിശ ഈടാക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വലിയ ബാധ്യതയാണ് ഉപഭോക്താക്കള്‍ക്ക് വന്നു ചേരുന്നത്. എന്നാല്‍ ഇനിമുതല്‍ പിഴ പലിശ ഈടാക്കാന്‍ പാടില്ലെന്നാണ് ആര്‍ബിഐ-യുടെ കര്‍ശന നിര്‍ദ്ദേശം. ലോണിന് ബാധകമായ പലിശ നിരക്കുകള്‍ കൂടാതെ മുടക്കം വരുന്ന തുകയിന്‍മേല്‍ വലിയ പിഴ ബാങ്കുകള്‍ ഈടാക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ആര്‍ബിഐ നടപടി.

പുതിയ വ്യവസ്ഥകള്‍ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമാകും. നിലവില്‍ പല ബാങ്കുകളും വായ്പാ പലിശക്ക് പിഴ പലിശ ഈടാക്കുന്നത് ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നുള്ള ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ ലോണുകളുടെ പലിശ കണക്കാക്കുന്ന രീതിയിലോ മറ്റ് മാനദണ്ഡങ്ങളിലോ മാറ്റങ്ങള്‍ ഉണ്ടാകില്ല. ബിസിനസ് ലോണുകള്‍ ഒഴികെയുള്ള ലോണുകള്‍ക്ക് പലിശ നിരക്കില്‍ ഒരു അധിക ചാര്‍ജും ഈടാക്കരുതെന്ന് നിര്‍ദേശമുണ്ട്. വായ്പാ കരാറിന്റെ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ബാങ്കുകള്‍ ആ വിവരം വായ്പ എടുത്തവരെ സമയബന്ധിതമായി അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. 2024 ജനുവരി ഒന്നു മുതല്‍ നല്‍കുന്ന വായ്പകൾക്കും പുതുക്കുന്ന വായ്പകൾക്കുമാണ് പിഴപ്പലിശ ഒഴിവാക്കൽ നയം ബാധകമാവുക എന്നാണ് ലഭിക്കുന്ന വിവരം.