മാസപ്പടി വിവാദം കത്തിക്കയറുന്നു; മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്

Share

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിക്കും മാസപ്പടിയായി 3 വര്‍ഷത്തിനിടെ 1 കോടി 72 ലക്ഷം രൂപ ലഭിച്ചെന്ന വിഷയത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്യാനൊരുങ്ങി പ്രതിപക്ഷം. ഗൗരവമേറിയ വിഷയം നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നിലവിലെ തീരുമാനം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വീണ വിജയന്‍ പണം വാങ്ങിയത് ക്രമവിരുദ്ധമായാണെന്നും കേരളത്തില്‍ നടക്കുന്നത് സംഘടിത കൊള്ളയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

വീണയുടെ കമ്പനിയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടിയില്ലെന്നും നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി വെല്ലുവിളിയും ആക്രോശവും നടത്തി ചോദ്യത്തില്‍ നിന്ന് ഒളിച്ചോടുകയാണ് ചെയ്തതെന്നും പിണറായിയുടെ മകള്‍ വ്യക്തിപരമായി പണം വാങ്ങിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും കുഴല്‍നാടന്‍ ചോദിച്ചു. ചെയ്യുന്ന സേവനത്തിന് ഒരു കമ്പനിക്ക് പണം വാങ്ങാമെന്നും എന്നാല്‍, വീണ എന്ന വ്യക്തിക്ക് എങ്ങനെ പണം വാങ്ങാനാകുമെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിക്കും കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ നിന്ന് അനധികൃതമായി പണം ലഭിച്ചെന്ന് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഒരു സേവനവും നല്‍കാതെ കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടിയായി കൈപ്പറ്റിയത് 1.72 കോടി രൂപയാണ്. ഒരു പ്രമുഖ വ്യക്തിയുമായുള്ള ബന്ധമാണ് കമ്പനി വീണയ്ക്ക് പണം നല്‍കാന്‍ കാരണമെന്നാണ് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ നിരീക്ഷണം.