കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് ആറുമണിയോടെ എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടക്കും. ഭൗതിദേഹം ഉച്ചയ്ക്ക് 12 വരെ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സിനിമ-രാസാംസ്‌കാരിക-രാഷ്ട്രീയ മേഖലയിലുള്ള നിരവധി പ്രമുഖരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നത്.
പ്രാദേശിക സമയം രാവിലെ 8.30-ഓടെ ഭൗതീകശരീരം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചിരുന്നു. നടന്മാരായ ജയറാമും വിനീതും അടക്കമുള്ളവരും ഫെഫ്ക ഉള്‍പ്പെടെയുള്ള സിനിമാ അണിയറ പ്രവര്‍ത്തകരുടെ സംഘടനാ പ്രതിനിധികളും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തയവരില്‍ പെടുന്നു. പൊതുദര്‍ശനത്തിനു ശേഷം കാക്കനാട് മനയ്ക്കപ്പടിയിലെ വസതിയിലേക്ക് കൊണ്ടുപോയി അവിടെയും പൊതുദര്‍ശനത്തിന് അവസരം നല്‍കും.
വൈകിട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കാരം നടക്കും. തിങ്കളാഴ്ച ഉച്ചയോടെയാണ് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്. കരള്‍ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസമായി ന്യൂമോണിയയും കരള്‍ സംബന്ധിയായ രോഗങ്ങളുമായി ചികിത്സയിലായിരുന്നു. രോഗാവസ്ഥ കുറഞ്ഞുവരുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. പിന്നീട് എക്മോ സപ്പോര്‍ട്ടില്‍ കഴിയുകയായിരുന്നു.