ഡല്‍ഹി: മിത്ത് വിവാദത്തില്‍ നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അല്ലാഹുവും ഗണപതിയും വിശ്വാസികളുടെ വിശ്വാസപ്രമാണത്തിന്റെ ഭാഗമാണെന്നും രണ്ടും മിത്താണെന്ന് പറയേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നും എം.വി. ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഹൈന്ദവ സമൂഹം ആരാധിക്കുന്ന ഗണപതി മിത്താണെന്ന് സ്പീക്കര്‍ ഷംസീറോ താനോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഗണപതി മിത്തല്ലാതെ പിന്നെ ശാസ്ത്രമാണോ എന്നായിരുന്നു ഗോവിന്ദന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. മിത്തിനെ മിത്തായി തന്നെ കാണണമെന്നും വിവാദത്തില്‍ സ്പീക്കര്‍ മാപ്പ് പറയുകയോ തിരുത്തിപ്പറയുകയോ ചെയ്യില്ലെന്നും പാര്‍ട്ടി സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ നിലപാടാണ് ഇന്ന് എം.വി.ഗോവിന്ദന്‍ ഇന്ന് തിരുത്തിപ്പറഞ്ഞത്. അതേസമയം വിഷയത്തിന്റെ ഗൗരവം മനസിലാക്കി പാര്‍ട്ടി സെക്രട്ടറി നിലപാട് തിരുത്തിയ സാഹചര്യത്തില്‍ സ്പീക്കര്‍ എ.എം ഷംസീര്‍ മാപ്പ് പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം സ്പീക്കരുടെ മിത്ത് പരാമര്‍ശത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ ആലോചിക്കുന്നതായി എന്‍എസ്എസ് അറിയിച്ചു. തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. എന്‍എസ്എസിനെ ശത്രുപക്ഷത്ത് നിര്‍ത്താതെ മിത്ത് വിവാദത്തെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം തീരുമാനിക്കുമ്പോഴാണ് നാമജപയാത്രക്കെതിരായ പൊലീസ് കേസെടുക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതല്‍ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രക്ക് നേതൃത്വം നല്‍കിയ എന്‍എസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാര്‍ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കുമെതിരെയാണ് കേസ്.