കോഴിക്കോട്: ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ 125 വിമാനത്താവളങ്ങള്‍ നേടിയ ലാഭക്കണക്കില്‍ കോഴിക്കോട് വിമാനത്താവളം മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കരിപ്പൂര്‍ വിമാനത്താവളം 95.38 കോടി രൂപയാണ് ലാഭം കരസ്ഥമാക്കിയത്. 482.30 കോടിയുമായി കൊല്‍ക്കത്ത എയര്‍പോര്‍ട്ടും 169.56 കോടി ലാഭവുമായി ചെന്നൈ എയര്‍പോര്‍ട്ടുമാണ് കോഴിക്കോടിന് മുന്നില്‍. എസ്.ആര്‍ പാര്‍ത്ഥിപന്‍ എം.പി ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ സിങ് രേഖാമൂലം നല്‍കിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭനഷ്ടക്കണക്ക് വിശദമാക്കിയത്. 125 വിമാനത്താവളങ്ങളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17 വിമാനത്താവളങ്ങള്‍ക്ക് മാത്രമാണ് ലാഭം നേടാനായത്. ലാഭമോ നഷ്ടമോ ഇല്ലാത്ത 15 വിമാനത്താവളങ്ങളും പട്ടികയിലുണ്ട്.
കോവിഡ് സാഹചര്യമൊഴിച്ചാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രണ്ടു വര്‍ഷങ്ങളില്‍ മാത്രമാണ് കോഴിക്കോട് വിമാനത്താവളം നഷ്ടം രേഖപ്പെടുത്തിയത്. കോഴിക്കോട് വിമാനത്താവളത്തില്‍ 2018-19 വര്‍ഷം 73.11 കോടി, 19-20-ല്‍ 69.14 കോടി എന്നിങ്ങനെയാണ് ലാഭം. കോവിഡ് പ്രതിസന്ധി ബാധിച്ച 2020-21-ല്‍ 59.57 കോടിയും 21-22-ല്‍ 22.63 കോടിയും നഷ്ടമുണ്ടായി. അഞ്ചുവര്‍ഷത്തിനിടെ മിക്ക വിമാനത്താവളങ്ങളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പൂനെ, ഗോവ, തിരുച്ചിറപ്പള്ളി എന്നീ വിമാനത്താവളങ്ങള്‍ക്ക് കാതലായ ലാഭമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നഷ്ടം രേഖപ്പെടുത്തിയ അഗര്‍ത്തല വിമാനത്താവളമാണ് നഷ്ടക്കണക്കില്‍ മുന്നിലുള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിന് 110.15 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. സ്വകാര്യ-പൊതു പങ്കാളിത്തത്തിലുള്ള കൊച്ചി 267.17 കോടി രൂപ ലാഭം നേടിയപ്പോള്‍ കണ്ണൂരാകട്ടെ 131.98 കോടി രൂപ നഷ്ടത്തിലുമാണ്.