ഡല്‍ഹി: കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യപ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിന് ഇടക്കാല ജാമ്യം. ആറ് മാസമായി ജയിലില്‍ കഴിയുന്ന എം. ശിവശങ്കറിന് ചികിത്സയ്ക്ക് വേണ്ടിയാണ് സുപ്രീം കോടതി രണ്ട് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളി. ജസ്റ്റീസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റീസ് എം.എം. സുന്ദരേഷ് എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. എന്നുമുതലാണ് ജയിലില്‍ കഴിയുന്നതെന്ന് തിരക്കിയ കോടതി എന്തിനാണ് ജാമ്യമെന്നും ചോദിച്ചു. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ശിവശങ്കര്‍ കോടതി മുമ്പാകെ ഹാജരാക്കി.
അതേസമയം ഏത് ചികിത്സയും കസ്റ്റഡിയില്‍ നല്‍കാമെന്ന് ഇഡിക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കറിന് പലരേയും സ്വാധീനിക്കാന്‍ ആകുമെന്നും അദ്ദേഹം വാദിച്ചു. കേസില്‍ മറ്റുള്ളവര്‍ക്ക് ജാമ്യം ലഭിച്ച കാര്യം ശിവശങ്കര്‍ ചൂണ്ടിക്കാട്ടി. ഇതുകൂടി പരിഗണിച്ച കോടതി സാക്ഷികളെ സ്വാധീനിക്കരുതെന്ന കര്‍ശന ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ലൈഫ് മിഷൻ അഴിമതിക്കേസിൽ 2023 ഫെബ്രുവരി 15 നാണ് ലൈഫ് കോഴ കേസിൽ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.