ദുബായ്: നിര്‍മ്മിതബുദ്ധി അഥവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന പെഡസ്ട്രിയന്‍ ക്രോസിംഗ് സംവിധാനം സജ്ജമാക്കി ദുബായ്. അലക്ഷ്യമായി റോഡ് മുറിച്ചു കടക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് സിലിക്കണ്‍ ഒയാസസില്‍ എ.ഐ സാങ്കേതിക വിദ്യയോടെ നിരീക്ഷണ സംവിധാനം ശക്തമാക്കിയത്. മേഖലയില്‍ പതിനാല് സ്മാര്‍ട്ട് പെഡസ്ട്രിയന്‍ ക്രോസിംഗ് സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍, മറ്റ് അപകട സാധ്യതയുള്ള റോഡ് ഉപയോക്താക്കള്‍ എന്നിവരെ പിടികൂടാന്‍ കഴിയുന്ന തരത്തിലാണ് സിലിക്കണ്‍ ഒയാസിസിലെ എ.ഐ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ട്രാഫിക് നിര്‍ദേശങ്ങള്‍ അവഗണിച്ച് റോഡ് മുറിച്ചുകടക്കുകയും വഴിയോരത്ത് മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്യുന്ന കാല്‍നട യാത്രക്കാരെയും സൈക്കിള്‍ യാത്രക്കാരെയും കൈയോടെ പിടികൂടാന്‍ കഴിയുന്ന ആദ്യ സംവിധാനം ഡെര്‍ക്ക് ആണ് വികസിപ്പിച്ചെടുത്തത്. സമ്പൂര്‍ണമായി നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സംവിധാനം കാല്‍നടയാത്രക്കാരുടെ പെരുമാറ്റത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കാല്‍നടയാത്രക്കാര്‍ കടന്നുപോകുന്നത് അനുസരിച്ച് ക്യാമറള്‍ക്ക് റോഡിലെ മുന്നറിയിപ്പ് ലൈറ്റുകള്‍, ട്രാഫിക് സിഗ്‌നല്‍ കണ്‍ട്രോളറുകള്‍ എന്നിവ സജീവമായി നിരീക്ഷിക്കാന്‍ കഴിയും. പെഡസ്ട്രിയന്‍ ക്രോസിംഗിന് അരികില്‍ വരുന്ന വാഹനങ്ങളെയും ഇത് ഫലപ്രദമായി നിരീക്ഷിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. രണ്ട് വര്‍ഷത്തെ സമഗ്രമായ പരിശോധനക്ക് ശേഷമാണ് നിര്‍മ്മിതബുദ്ധിയിലുള്ള സാങ്കേതിക വിദ്യ ഇവിടെ യാഥാര്‍ത്ഥ്യമാക്കുന്നത്.