ഡല്‍ഹി: അടുത്തിടെ പുനഃസംപ്രേഷണം ആരംഭിച്ച റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അന്വേഷണം ആരംഭിച്ചായി തനിക്ക് വിവരം ലഭിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി വെളിപ്പെടുത്തി. എട്ടുകോടി രൂപയുടെ സംരക്ഷിത വിഭാഗത്തില്‍പെട്ട മരങ്ങള്‍ അനധികൃതമായി മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇതുസംബന്ധിച്ച് കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ചാനല്‍ മേധാവികള്‍ക്കെതിരെ അന്വേഷണം നടത്തുന്നത്. കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിംഗാണ് ഇഡി അന്വേഷണത്തെക്കുറിച്ച് അറിയിച്ചതെന്ന് സുധാകരന്‍ പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമസ്ഥാവകാശ കൈമാറ്റം സംബന്ധിച്ച ആക്ഷേപങ്ങള്‍ക്ക് ബന്ധപ്പെട്ട കമ്പനി അധികൃതരില്‍ നിന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇന്ത്യോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് പഴയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ടെലികാസ്റ്റിംഗ് ലൈസന്‍സ്. എന്നാല്‍ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ട ശേഷം റിപ്പോര്‍ട്ടര്‍ എന്ന പേരില്‍ പുനഃസംപ്രേഷണം ആരംഭിച്ച ഈ കമ്പനിക്ക് ഇന്ത്യോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ടെലികാസ്റ്റിംഗ് ലൈസന്‍സ് കൈമാറിയിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് പുതിയ ഉടമസ്ഥരോട് കോര്‍പറേറ്റ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
മാത്രമല്ല റിപ്പോർട്ടറിന്റെ പഴയ മാനേജ്മെന്റിനെതിരെ വ്യാപക ആക്ഷേപങ്ങളുണ്ട്. ആ സമയത്തെ ജീവനക്കാരുടെ ശമ്പളം, പ്രോവിഡണ്ട് ഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങള്‍ 137 കോടി 50 ലക്ഷം രൂപയോളം കുടിശിക വരുത്തിയ പരാതിയും നിലനിൽക്കുന്നുണ്ട്. ഈ പരാതിയില്ർ കഴമ്പുണ്ടെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം കണ്ടെത്തിയിരുന്നു. ടെലികാസ്റ്റിംഗ് ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും നിലവിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനിയുടെ അധികൃതര്‍ നൽകിയിട്ടില്ലെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. ചാനലുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശം കൈമാറിയതായാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെ അറിയിച്ചിരിക്കുന്നത്.