ദുബായ്: മലയാളത്തിന്റെ പ്രിയ കഥാകാരന്‍ തേവര്‍തോട്ടം സുകുമാരന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. കൊല്ലം ജില്ലയിലെ അഞ്ചല്‍ ഏറത്തെ വീട്ടുവളപ്പില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഇരവിപുരം എം.എല്‍.എ എം. നൗഷാദ് അടക്കം കലാ-രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ തേവര്‍തോട്ടത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. പുരോഗമന കഥാപ്രസംഗ കലാസംഘടനയുടെയും മലയാള കലാ അക്കാഡമിയുടെയും സജീവ പ്രവര്‍ത്തകര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പ്രമുഖ കാഥികരായ അയിലം ഉണ്ണികൃഷ്ണന്‍, വിനോദ് ചമ്പക്കര, ഇടക്കൊച്ചി സലീംകുമാര്‍, രാജീവ് നരിക്കല്‍, അഞ്ചല്‍ ഗോപന്‍, വെമ്പായം സതീശന്‍ അടക്കമുള്ള പുരോഗമന കഥാപ്രസംഗ കലാസംഘടനാ പ്രവര്‍ത്തകര്‍ പ്രിയ സഹപ്രവര്‍ത്തകന് ഹൃദയവേദനയോടെ യാത്രയയപ്പ് നല്‍കി. മലയാള കലാ അക്കാഡമിക്കു വേണ്ടി പ്രസിഡന്റ് വിനോദ് ചമ്പക്കരയും സെക്രട്ടറി അഞ്ചല്‍ ഗോപനും ആദരസൂചകമായി പുഷ്പചക്രം അര്‍പ്പിച്ചു.
82 വയുകാരനായ കാഥികന്‍ തേവര്‍തോട്ടം സുകുമാരന്‍ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസം ജൂലൈ 27-നാണ് കഥാലോകത്തോട് വിടചൊല്ലിയത്. കഥാപ്രസംഗ കലയുടെ പരിപോഷണത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ച കലാകാരനായിരുന്നു തേവര്‍തോട്ടമെന്ന് പ്രമുഖര്‍ അനുസ്മരിച്ചു. നാളിതുവരെയുള്ള കലാപ്രവര്‍ത്തനത്തിന് നിരവധി അംഗീകാരങ്ങളാണ് തേവര്‍തോട്ടത്തെ തേടിയെത്തിയത്. 1994-ല്‍ കേരള സംഗീത നാടക അക്കാഡമി അവാര്‍ഡും 2000-ല്‍ അക്കാഡമി ഫെലോഷിപ്പും അദ്ദേഹം നേടിയിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ കഥാപ്രസംഗ വേദികളില്‍ സജീവമായിരുന്നുവെങ്കിലും ‘വേഗത പോരാ പേരാ’ എന്ന കഥയിലൂടെയാണ് അദ്ദേഹം കഥാപ്രസംഗ കലയില്‍ ചിരപ്രതിഷ്ഠ നേടിയത്. ആകാശവാണിയിലെ എ-ഗ്രേഡ് ആര്‍ട്ടിസ്റ്റായി അദ്ദേഹത്തെ തെരഞ്ഞെടുത്തും അപൂര്‍മായി ലഭിക്കുന്ന ഭാഗ്യമാണ്. കഴിഞ്ഞ 55 വര്‍ഷക്കാലത്തെ കഥാപ്രസംഗ കലാസപര്യയില്‍ 63-ലധികം കഥകളാണ് ആകാശവാണിയില്‍ അവതരിപ്പിച്ചത്.
കേരള സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം, പുരോഗമന കഥാപ്രസംഗ കലാ സംഘടന രക്ഷാധികാരി, മഹാകവി കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണ സമിതിയംഗം,സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം മാനേജിങ് കമ്മിറ്റി അംഗം, എ.ആര്‍ രാജരാജവര്‍മ്മ സ്മാരക സമിതിയംഗം എന്നിങ്ങനെ നിരവധി ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കഥാസാമ്രാട്ടുകളായ വി.സാംബശിവന്‍, കെടാമംഗലം സദാനന്ദന്‍ തുടങ്ങിയ അനശ്വര പ്രതിഭകളോടൊപ്പം പുരോഗമന കഥാപ്രസംഗ കലാ സംഘടനയ്ക്ക് രൂപം നല്‍കുന്നതില്‍ തേവര്‍തോട്ടവും മുഖ്യ പങ്കുവഹിച്ചു. പിന്നീട് ആ സംഘടനയുടെ നേതൃത്വ പദവി അലങ്കരിച്ചതും കാലനിയോഗം. വിദേശ വേദികളിലും നിറഞ്ഞുനിന്ന തേവര്‍തോട്ടത്തിന് പ്രവാസലോകത്തും ആരാധകര്‍ ഏറെയാണ്. അരങ്ങ് ഒഴിഞ്ഞെങ്കിലും ജനമനസുകളില്‍ ജീവിക്കുന്ന അനുഗ്രഹീത കലാകാരന് ദുബായിലെ Gulf Eye 4 News-ന്റെ ഹൃദയാഞ്ജലി..