മണിപ്പൂര്‍ ആളിക്കത്തിച്ച് പ്രതിപക്ഷം; പാര്‍ലമെന്റ് തിങ്കളാഴ്ച വരെ പിരിഞ്ഞു

Share

ഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ച് തുടര്‍ച്ചയായ ഏഴാം ദിവസവും മണിപ്പൂര്‍ വിഷയത്തെ ചൊല്ലി ഇരു സഭകളും പ്രക്ഷുബ്ധമായി. പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം ശക്തമാക്കിയതോടെ പാര്‍ലമെന്റ് നടപടികള്‍ ഇന്നും മണിക്കൂറുകളോളം തടസപ്പെട്ടു. തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും തിങ്കളാഴ്ച വരെ പിരിഞ്ഞു. ഇതിനിടെ സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയെങ്കിലും ചര്‍ച്ചയുടെ തീയതിയില്‍ തീരുമാനമാകാത്തത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. അവിശ്വാസ പ്രമേയം അടിയന്തിര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ഈ തീരുമാനത്തിന്‍ നിന്ന് ഒരു സാഹചര്യത്തിലും പിന്നോട്ടില്ല എന്ന ഉറച്ച തീരുമാനം വ്യക്തമാക്കുന്നതായിരുന്നു ഇന്നത്തെ പ്രതിപക്ഷ പ്രതിഷേധം. ഭരണകക്ഷിക്കെതിരായ അവിശ്വാസ പ്രമേയങ്ങള്‍ അംഗീകരിച്ച ഉടന്‍ തന്നെ ചര്‍ച്ച ചെയ്ത ഒട്ടനവധി സന്ദര്‍ഭങ്ങളുണ്ടെന്നും അതിനാല്‍ വിഷയം ഉടന്‍ ചര്‍ച്ചയ്ക്ക് വയ്ക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ഒരേസ്വരത്തില്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ ലോക്സഭ 12 മണിവരെ നിര്‍ത്തിവയ്ക്കുകയും തുടര്‍ന്ന് വീണ്ടും സമ്മേളിച്ചില്ലെങ്കിലും പ്രതിഷേധത്തില്‍ നിന്നും പ്രതിപക്ഷം പിന്‍തിരിയാത്ത സാഹചര്യത്തില്‍ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു. രാജ്യസഭയില്‍ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറും ടിഎംസി എംപി ഡെറിക് ഒബ്രയാനും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം നടന്നു. നാടകം കളിക്കാനുള്ള സ്ഥലമല്ല രാജ്യസഭയെന്ന് ഒബ്രയാനോട് ധന്‍കര്‍ പറഞ്ഞു. അതേസമയം ഗോത്രവിഭാഗങ്ങളുടെ ആചാരങ്ങള്‍ സംരക്ഷിച്ച് ഏകവ്യക്തി നിയമം നടപ്പാക്കണം എന്ന ബിജെപി എംപി സുനില്‍ കുമാര്‍ സിംഗിന്റെ സ്വകാര്യ പ്രമേയത്തിന് ലോക്സഭയില്‍ അവതരണത്തിന് അനുമതി ലഭിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്നു. മണിപ്പൂരിനെച്ചൊല്ലി പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.