മലപ്പുറം: മൈസൂര്‍ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ദ്ധന്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും 9 മാസവും തടവ് ശിക്ഷ വിധിച്ചപ്പോള്‍ രണ്ടാം പ്രതി ശിഹാബുദ്ദീന് 6 വര്‍ഷവും 9 മാസവും ആറാം പ്രതിക്ക് മൂന്ന് വര്‍ഷവും 9 മാസവുമാണ് തടവ് ശിക്ഷ. ആദ്യ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്ന 12 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.
മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാരമ്പര്യവൈദ്യന്‍ ഷാബാ ഷരീഫിനെ 2019-ലാണ് നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. വ്യവസായിയായ നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന്‍ അഷ്‌റഫും സംഘവുമായിരുന്നു തട്ടിക്കൊണ്ടുപോകലിന് പിന്നില്‍. ചികില്‍സയ്ക്കായി ഉപയോഗിക്കുന്ന ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോര്‍ത്തിയെടുക്കുകയും അതുവഴി മരുന്നു വ്യാപാരം നടത്തി കൂടുതല്‍ ധനം സമ്പാദിക്കുകയുമായിരുന്നു പ്രതികളുടെ ലക്ഷ്യം. രഹസ്യ സങ്കേതത്തില്‍ ഒരു വര്‍ഷത്തോളം ചങ്ങലക്കിട്ടു പീഡിപ്പിച്ചിട്ടും ഷാബ ഷെരീഫ് മരുന്ന് കൂട്ടുകളുടെ രഹസ്യം പങ്കുവയ്ക്കാന്‍ തയ്യാറായില്ല. ക്രൂര പീഡനത്തിനൊടുവില്‍ 2020 ഒക്ടോബര്‍ എട്ടിനാണ് ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം വെട്ടിനുറുക്കി ചാലിയാറില്‍ ഒഴുക്കിയെന്നുമാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
തെളിവെടുപ്പിനിടെ ലഭിച്ച തലമുടി മൈറ്റോകോണ്‍ട്രിയോ ഡിഎന്‍എ പരിശോധനയില്‍ ഷാബ ഷെരീഫിന്റേതാണെന്ന് തെളിഞ്ഞിരുന്നു. ഇത് കേസില്‍ നിര്‍ണായക തെളിവായി മാറി. കേസില്‍ മാപ്പുസാക്ഷിയായ ഏഴാം പ്രതിയായിരുന്ന ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദിന്റെ സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് സഹായകമായി. കേസിന്റെ വിചാരണ വേളയില്‍ തന്നെ മുമ്പ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങള്‍ ഒന്നാം പ്രതിയായ ഷൈബിന്‍ അഷ്റഫിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നതും നിര്‍ണായകമായി.
2024 ഫെബ്രുവരി മാസത്തിലാണ് കേസിന്റെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ആരംഭിച്ചത്. നിര്‍ണായക തെളിവായി വേണ്ട മൃതദേഹമോ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളോ അന്വേഷണഘട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് ഈ കേസിന്റെ പ്രത്യേകത. എങ്കിലും ശാസ്ത്രീയ പരിശോധനകളില്‍ നിന്നും ലഭിച്ച ഫലങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായി മാറുകയായിരുന്നു. വിചാരണക്കാലയളവില്‍ എണ്‍പത് സാക്ഷികളെ കോടതി വിസ്തരിച്ചു.