തിരഞ്ഞെടുപ്പ് ചൂടിൽ അമേരിക്ക; ഇനി മണിക്കൂറുകൾ മാത്രം

Share

അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ ഇനി മണിക്കൂറുകൾ മാത്രം. തെരഞ്ഞെടുപ്പ് മത്സരം ആരംഭിക്കാൻ ഇരിക്കെ ആർക്കും വ്യക്തമായ മുൻതൂക്കം പ്രവചിക്കാനാകാതെ തെരഞ്ഞെടുപ്പ്‌ വിദഗ്‌ധർ. ന്യൂയോർക്ക് ടൈംസ് സര്‍വെ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിന്‌ നേരിയ മുൻതൂക്കമുണ്ട്‌. എന്നാൽ ‘ചാഞ്ചാട്ട’ സംസ്ഥാനങ്ങളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായി ഒപ്പത്തിനൊപ്പമാണ് കമല. ജനവിധി മാറിമറിയാറുള്ള ഏഴു സംസ്ഥാനങ്ങളിൽ പോരാട്ടം അതിതീവ്രമാകുന്ന പെൻസിൽവാനിയ, വിസ്‌കോൻസിൻ, മിഷിഗൺ എന്നിവിടങ്ങളിലെ തീര്‍പ്പ് നിർണായകമാകും. അതേസമയം പെൻസിൽവാനിയയിൽ ട്രംപിന്‌ നേരിയ മുൻതൂക്കം പ്രവചിക്കുന്നത്‌ റിപ്പബ്ലിക്കൻ ക്യാമ്പിന്‌ പ്രതീക്ഷയേകുന്നതാണ്.
2016ൽ പെൻസിൽവാനിയും വിസ്‌കോൺസിനും മിഷിഗണും ട്രംപിനൊപ്പമായിരുന്നു. പെൻസിൽവാനിയ, നോർത്ത് കരോലിന, ജോർജിയ സംസ്ഥാനങ്ങളിലാണ്‌ ട്രംപ്‌ അവസാനവട്ട പ്രചരണത്തിനിറങ്ങിയത്. താൻ വൈറ്റ്‌ഹൗസിൽ എത്തിയാലേ രാജ്യാതിർത്തി സുരക്ഷിതമാകൂവെന്ന്‌ ട്രംപ്‌ അവകാശപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് മത്സരങ്ങളിൽ മിഷിഗൺ കേന്ദ്രീകരിച്ചാണ് കമലയുടെ പ്രചാരണം. ഗാസയിൽ വെടിനിർത്തലിനായി ശ്രമിക്കുമെന്ന്‌ അവര്‍ പറഞ്ഞു. അറബ്‌-അമേരിക്കൻ വോട്ടർമാർ ട്രംപിന്‌ അനുകൂലമായി വിധിയെഴുതാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്‌ പിന്നാലെയാണ്‌ പ്രതികരണം.