ഗാസയിൽ വീണ്ടും വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ഗാസയിലെ ‘അസ്മ’ സ്‌കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ഇതിൽ മൂന്ന് പേർ മാധ്യമപ്രവർത്തകരാണ്. പടിഞ്ഞാറൻ ഗാസയിലെ അൽ-ഷാതി അഭയാർത്ഥി ക്യാമ്പിൽ നിന്ന് കുടിയിറക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന സ്‌കൂളിന് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
സംഭവ സ്ഥലത്തെത്തിയ പാരാമെഡിക്കുകൾ ഒൻപത് മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട്.
ഇരുപതോളം പേർക്ക് ആക്രമണത്തിൽ പരിക്കുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച മൂന്ന് പേർ മാധ്യമപ്രവർത്തകരാണ്. അൽ അഖ്‌സ ടിവി, ജെറുസലേം ഫൌണ്ടേഷൻ എന്നിവയിലെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.