വിവാദങ്ങൾ കത്തിച്ചുനിർത്താനുള്ള മാധ്യമങ്ങളുടെ പ്രവർത്തിയാണ് മലപ്പുറവും പി ആറുമൊക്കെ എന്ന് മന്ത്രി എംബി രാജേഷ്. മുഖ്യമന്ത്രി പറയാത്ത ഒരു കാര്യത്തെ ദുർവ്യാഖ്യാനിക്കുകയാണ് ‘ദി ഹിന്ദു’ ചെയ്തത്. അത് തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോൾ തന്നെ പത്രത്തിന്റെ എഡിറ്റർ ഖേദം പ്രകടിപ്പിച്ചിരുന്നു. അതോടെ ആ പ്രശ്നം തന്നെ ഇല്ലാതായി. എന്നാൽ വിവാദങ്ങളിൽ നിന്ന് ഒഴിയാൻ കഴിയാത്ത മാധ്യമങ്ങളാണ് അപ്പോൾ തന്നെ പി ആർ ഏജൻസിയുടെ പേര് പറഞ്ഞ് രംഗത്ത് വന്നത്.
വയനാട്ടിൽ അധിക പണത്തിന്റെ കണക്ക് കാണിച്ചു എന്ന് പറഞ്ഞ് ഇതുപോലെ ഒരു വ്യാജവാർത്ത പ്രചരിച്ചു. അതിന്റെ തെറ്റും കള്ളത്തരവും വെളിച്ചത്താവുന്നതുവരെ മാധ്യമങ്ങൾ അന്തിചർച്ച ഉൾപ്പടെ നടത്തി. പ്രതിപക്ഷം പ്രതികരണങ്ങളും പ്രസ്താവനയും പുറത്തുവിട്ടു. പ്രതിപക്ഷം ഇത്തരം വ്യാജവാർത്തകൾ കണ്ട ഉടനെ സർക്കാരിനെതിരെ ഇറങ്ങുന്നതിന് മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.
അതേസയമം പ്രതിപക്ഷത്തിന് ഉപയോഗിക്കാവുന്ന ആയുധമായി മാറി അൻവർ എന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പി. വി അൻവർ അങ്ങനെ ചെയ്യരുതായിരുന്നു. കേരളത്തിലെ ഏതെങ്കിലും ഒരു പ്രദേശത്തെ ജനങ്ങളെയോ സ്ഥലത്തെയോ മോശപ്പെടുത്തി സംസാരിക്കുന്ന സമീപനം ഇടതുപക്ഷത്തിന് ഇല്ല. ‘ദി ഹിന്ദു’വിന് പറ്റിയ തെറ്റാണ് എന്ന് അവർ തന്നെ പറഞ്ഞു കഴിഞ്ഞു. ഇക്കാര്യത്തിൽ ഇന്നലെ മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയതാണ്. പിന്നെയും അതിന് പിറകെ അനാവശ്യമായി പി ആർ എന്നൊക്കെ പറഞ്ഞ് പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.