ദുബായിൽ പുതിയ രണ്ട് സാലിക് ഗേറ്റുകള്‍ പ്രവർത്തികമാകും

Share

ദുബായ്: ദുബായില്‍ രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ കൂടി വരും. അല്‍ സഫ സൗത്തില്‍ സ്ഥിതി ചെയ്യുന്ന ദുബായിലെ പത്താമത്തെ സാലിക് ഗേറ്റിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നവംബര്‍ ആദ്യം മുതല്‍ പുതിയ രണ്ട് ടോള്‍ ഗേറ്റുകളില്‍ സാലിക് ടോള്‍ ഈടാക്കിത്തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ മൈദാന്‍ സ്ട്രീറ്റിനും ഉമ്മുല്‍ സെയ്ഫ് സ്ട്രീറ്റിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ശെയ്ഖ് സായിദ് റോഡിന്‍റെ ഇരുവശങ്ങളിലുമാണ് ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മറ്റൊരു സാലിക് ഗേറ്റ് അല്‍ ഖൈല്‍ റോഡിനോട് ചേര്‍ന്നുള്ള ബിസിനസ് ബേ ക്രോസിംഗിലാണ് സ്ഥിതി ചെയ്യുന്നത്.
അതേസമയം, ഇവ ടോള്‍ ഗേറ്റുകളാണെന്ന് തിരിച്ചറിയാവുന്ന ബോര്‍ഡുകളോ അടയാളങ്ങളോ ഒന്നും ഇവിടെ ഇതുവരെ സ്ഥാപിച്ചിട്ടില്ല. എന്നാല്‍ അതുവഴി കടന്നുപോകുന്ന വാഹനങ്ങളിലെ സാലിക് ടാഗുകള്‍ കണ്ടെത്താനും സ്‌കാന്‍ ചെയ്യാനും ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ സാങ്കേതികവിദ്യ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നവംബര്‍ അവസാനത്തോടെ മാത്രമേ ഇവ പ്രവര്‍ത്തനക്ഷമമാവുകയുള്ളൂ എന്ന് സാലിക് സിഇഒ ഇബ്രാഹിം അല്‍ ഹദ്ദാദ് വ്യക്തമാക്കി.
നിലവില്‍ എട്ട് സാലിക് ഗേറ്റുകളാണ് ദുബായിലുടനീളം പ്രവര്‍ത്തിക്കുന്നത്. അല്‍ മംസാര്‍ നോര്‍ത്ത്, അല്‍ മംസാര്‍ സൗത്ത്, അല്‍ ഗര്‍ഹൂദ് പാലം, അല്‍ മക്തൂം പാലം, എയര്‍പോര്‍ട്ട് ടണല്‍, അല്‍ സഫ, അല്‍ ബര്‍ഷ, ജബല്‍ അലി എന്നിവയാണ് അവ. കഴിഞ്ഞ വര്‍ഷം ഏകദേശം 593 ദശലക്ഷം യാത്രകള്‍ സാലിക്കിന്‍റെ ടോള്‍ ഗേറ്റുകളിലൂടെ കടന്നുപോയതായാണ് കണക്കുകള്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 238.5 ദശലക്ഷം ട്രിപ്പുകളാണ് ഇവയിലൂടെ കടന്നുപോയത്. ഇതുവഴി കഴിഞ്ഞ ആറു മാസത്തിനിടയില്‍ 1.1 ബില്യണ്‍ ദിര്‍ഹം വരുമാനം ലഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.