മത്സരത്തിമിർപ്പിൽ നെഹ്‌റു ട്രോഫി വള്ളംകളി; 11 മണിയ്ക്ക് ആരംഭിച്ച് 5 മണിയ്ക്ക് അവസാനിക്കും

Share

ആലപ്പുഴ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പുന്നമടക്കായലിൽ ഇന്ന് നെഹ്റു ട്രോഫി വള്ളംകളി നടക്കും. രാവിലെ 11 മണിയ്ക്കാണ് മത്സരങ്ങൾ ആരംഭിക്കുക. പ്രധാന ആകർഷണമായ ചുണ്ടൻ വള്ളങ്ങളുടെ മത്സരം ഉച്ചയ്ക്ക് രണ്ട് മണി മുതലാണ്. വൈകീട്ട് 5:30ന് പൂർത്തിയാകുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ അഞ്ച് താലൂക്കുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങളാണ് മത്സരത്തിന് 2024ലെ നെഹ്രു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്നത്. നെഹ്റു ട്രോഫിയിൽ മുത്തമിടുന്നത് ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് വള്ളംകളി പ്രേമികൾ. വയനാട് ദുരന്ത പശ്ചാത്തലത്തിൽ മാറ്റിവെച്ച വള്ളംകളി ഒരുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് ആരംഭിക്കുന്നത്. ആവേശത്തുഴയെറിയാൻ നിമിഷങ്ങൾ മാത്രം കാത്തിരിക്കെ പുന്നമടക്കായലിലേക്ക് മത്സരം കാണാൻ വിദേശികളുൾപ്പെടെയുള്ള ടൂറിസ്റ്റുകൾ എത്തിത്തുടങ്ങി. കഴിഞ്ഞവർഷം നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയില്‍ (2023) വീയപുരം ചുണ്ടനാണ് കിരീടം നേടിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബായിരുന്നു വീയപുരം ചുണ്ടൻ തുഴഞ്ഞത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ തുടർച്ചയായ നാലാം കിരീടമായിരുന്നു ഇത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനായിരുന്നു 2023ലെ രണ്ടാം സ്ഥാനം. യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി. കാട്ടില്‍ തെക്കെതില്‍ ചുണ്ടനായിരുന്നു നാലാം സ്ഥാനം. ഇത്തവണ ആരാകും ട്രോഫിയിൽ മുത്തമിടുകയെന്ന് വൈകീട്ടോടെ അറിയാം.