ഇന്ത്യയിൽ എംപോക്സ് രോഗബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗ ബാധ മേഖലിൽ നിന്ന് എത്തിയ ആൾക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. മങ്കി പോക്സിന്റെ വകഭേദമാണ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കേസിനു സമാനമായ കേസ് ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആഫ്രിക്കന്‍ ക്ലേഡ് 2 ടൈപ്പ് എംപോക്‌സെന്ന വകഭേദമാണ് വിദേശത്തു നിന്നെത്തിയ യുവാവില്‍ സ്ഥിരീകരിച്ചത്. രോഗ ലക്ഷണം കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഇയാളുടെ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ക്ലേഡ് 1 ടൈപ്പ് വൈറസല്ല ഇന്ത്യയില്‍ സ്ഥിരീകരിച്ചതെന്നും ഇത് ഒറ്റപ്പെട്ട കേസാണെന്നും കേന്ദ്രം അറിയിച്ചു.2022 ജൂലൈ മുതല്‍ ഇന്ത്യയില്‍ സമാനമായ 30 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സൂചനകളൊന്നും നിലവിലെ എംപോക്‌സ് കേസിന് ഇല്ലെന്നും ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള കോണ്‍ടാക്ട് ട്രേസിങ്, നിരീക്ഷണം, നിരീക്ഷണം, പൊതുജന ബോധവത്കരണം മുതലായ നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു.