കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. അനുബന്ധ രേഖകളടക്കം ഉൾപ്പെടുന്ന പൂർണമായ റിപ്പോർട്ടിന്റെ പകർപ്പാണ് സർക്കാർ മുദ്രവച്ച കവറിൽ ഇന്ന് പ്രത്യേക ഡിവിഷൻ ബെഞ്ചിനു മുൻപാകെ സമർപ്പിക്കുന്നത്. റിപ്പോർട്ടിലുള്ള പീഡന ആരോപണങ്ങളിൽ ക്രിമിനൽ കേസെടുക്കണോയെന്ന കാര്യം ഡിവിഷൻ ബെഞ്ച് പരിശോധിക്കും.
ജസ്റ്റിസുമാരായ എ.കെ.ജയശങ്കര്‍ നമ്പ്യാരും സി.എസ്.സുധയും ചേര്‍ന്ന രണ്ടംഗ ഡിവിഷൻ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത്. പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ കോടതി ഡിവിഷന്‍ ബെഞ്ച് രൂപവത്കരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തു വന്ന ശേഷം ഉയർന്ന പരാതികളിലെ ജാമ്യാപേക്ഷകളും തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളും ഈ ബെഞ്ച് പരിഗണിക്കും.
അതേസമയം നടൻ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച സംഭവത്തിൽ നിരവധി യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. 12 യൂട്യൂബര്‍മാര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ ഊന്നുകല്‍ പൊലീസാണ് യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുത്തത്. അതേസമയം ലൈംഗിക പീഡനക്കേസില്‍ നടന്‍മാരായ മുകേഷ്, ഇടവേള ബാബു എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരിയായ നടി അറിയിച്ചു.ഇരുവരുടെയും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് പരാതിക്കാരിയുടെ തീരുമാനം.