പരാതിയെ തുടർന്ന് നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്. തൊടുപുഴയിലെ ലൊക്കേഷനില്‍ വച്ച് നടിക്കു നേരെ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതി. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് കേസെടുത്തത്. കരമന പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴക്ക് കൈമാറും.
ജയസൂര്യക്കെതിരെയുള്ള രണ്ടാമത്തെ കേസാണിത്. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക. പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു.വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവം ഉണ്ടായ കാര്യം നടി വെളിപ്പെടുത്തിയിരുന്നു. ഈ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന്നു. 2008ലാണ് ജയസൂര്യയില്‍നിന്ന് മോശം അനുഭവമുണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമില്‍ പോയി വരുമ്പോള്‍ ജയസൂര്യ പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചെന്നുമായിരുന്നു നടിയുടെ പരാതി.
അതേസമയം സിദ്ധിഖിനെതിരായ കേസിൽ പുതിയ നീക്കവുമായി പൊലീസ്. കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനാണ് പുതിയ സംഘം. തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിനാണ് ചുമതല. ക്രൈം ബ്രാഞ്ച് എസ്.പി മധുസൂദനൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ക്രൈം ബ്രാഞ്ച് എ സി പി ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ എസ് എച്ച് ഒ, ഒരു വനിതാ എസ് ഐ എന്നിവർ സംഘത്തിലുണ്ട്. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്.