പാസ്പോർട്ട് എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സേവാ പോർട്ടല്‍ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല

Share

പാസ്പോർട്ട് എടുക്കുന്നവർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. നിലവിൽ സേവാ പോർട്ടല്‍ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കുന്നതായിരിക്കില്ല എന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഇന്നുരാത്രി (ഓഗസ്റ്റ് 29) എട്ട് മണി മുതല്‍ സെപ്റ്റംബർ പുലർച്ചെ ആറ് മണി വരെ പോർട്ടല്‍ നിശ്ചലമായിരിക്കുമെന്നാണ് അറിയിപ്പ്. പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാൻ താത്കാലികമായി നിർത്തിവയ്‌ക്കുന്നതെന്നാണും പതിവ് പരിശോധനകളുടെ ഭാഗമായാണ് നടപടിയെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.
ഈ അഞ്ച് ദിവസത്തേക്ക് പുതിയ അപ്പോയിൻമെന്റുകള്‍ സ്വീകരിക്കില്ല, കൂടാതെ ഓഗസ്റ്റ് 30ന് അപ്പോയിൻമെന്റ് ലഭിച്ചിരുന്നവർക്ക് ഉചിതമായ മറ്റൊരു തീയതി പിന്നീട് അറിയിക്കുന്നതുമാണ്. പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനോ അല്ലെങ്കില്‍ നിലവിലുള്ള പാസ്പോർട്ട് പുതുക്കുന്നതിനോ വേണ്ടി ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന നിയുക്ത കേന്ദ്രങ്ങളിലാണ് പാസ്‌പോർട്ട് സേവാ പോർട്ടല്‍ ഉപയോഗിക്കുന്നത്. അപ്പോയിൻ്റ്‌മെൻ്റുകള്‍ ലഭിച്ച അപേക്ഷകർ, അപ്പോയിൻ്റ്മെൻ്റ് ദിവസം, പാസ്‌പോർട്ട് കേന്ദ്രങ്ങളില്‍ എത്തുമ്ബോള്‍ വേരിഫിക്കേഷൻ പ്രക്രിയയുടെ ഭാഗമായി കൈവശമുള്ള രേഖകള്‍ സമർപ്പിക്കണം. ഇതിന് ശേഷം നടക്കുന്ന പൊലീസ് വെരിഫിക്കേഷൻ ഘട്ടത്തിന് പിന്നാലെ അപേക്ഷകന്റെ വിലാസത്തില്‍ പാസ്‌പോർട്ട് എത്തുന്നതാണ്.