വെജിറ്റേറിയന്‍ ഭക്ഷണത്തെ ‘ഹിന്ദു’എന്നും നോണ്‍ വെജ് ഭക്ഷണത്തെ ‘മുസ്‌ലിം’ എന്നും വേര്‍തിരിച്ച വിസ്താര എയര്‍ലൈനിനെതിരെ വിമർശനം. മാധ്യമ പ്രവര്‍ത്തകയായ ആരതി ടിക്കൂ സിംഗ് തന്റെ എക്‌സ് പേജിലൂടെ ഇതിന്റെ ചിത്രം പങ്കുവെച്ചതോടെയാണ് വിമർശനം ഉയർന്നത്.
ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്കുള്ള വിസ്താരയുടെ ടിക്കറ്റ് പങ്കുവച്ച് കൊണ്ടാണ് ആരതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ആരതിയുടെ കുറിപ്പ് ഇതിനകം പന്ത്രണ്ട് ലക്ഷം പേരാണ് കണ്ടത്.
‘എന്തുകൊണ്ടാണ് വെജിറ്റേറിയന്‍ ഭക്ഷണത്തെ ‘ഹിന്ദു ഭക്ഷണം’ എന്നും ചിക്കന്‍ ഭക്ഷണത്തെ ‘മുസ്ലീം ഭക്ഷണം’ എന്നും വിളിക്കുന്നത്? ഹിന്ദുക്കളെല്ലാം സസ്യാഹാരികളാണെന്നും മുസ്ലീങ്ങളെല്ലാം മാംസാഹാരികളാണെന്നും ആരാണ് നിങ്ങളോട് പറഞ്ഞത്? എന്തുകൊണ്ടാണ് നിങ്ങള്‍ ഭക്ഷണ തെരഞ്ഞെടുപ്പുകള്‍ ആളുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്? ആരാണ് നിനക്ക് ഇത് ചെയ്യാന് അധികാരം തന്നത്? നിങ്ങള്‍ ഇപ്പോള്‍ പച്ചക്കറി, ചിക്കന്‍, വിമാനത്തിലെ യാത്രക്കാരെയും വര്‍ഗീയവത്കരിക്കാന്‍ പോവുകയാണോ? ഈ ദയനീയമായ പെരുമാറ്റത്തില്‍ ഞാന്‍ ഞെട്ടിപ്പോയി, നിങ്ങളുടെ ഓര്‍ഡര്‍ ലംഘിക്കാന്‍ ഞാന്‍ രണ്ട് ഭക്ഷണവും ബുക്ക് ചെയ്തു. ഒപ്പം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് ടാഗ് ചെയ്ത് കൊണ്ട് ഇത് അന്വേഷിക്കണമെന്നും ആരതി കുറിച്ചു.
അതേസമയം നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ എയര്‍ലൈനുകള്‍ ഭക്ഷണ കോഡുകള്‍ക്കായി ഇത്തരം ചില കോഡുകള്‍ സ്വീകരിക്കുന്നത് സാധാരണമാണെന്നായിരുന്നു കുറിച്ചത്. ഇതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചിലര്‍ പങ്കുവച്ചു. ഇത്തരം കാലഹരണപ്പെട്ടതും അമ്പരപ്പിക്കുന്നതുമായ ഭക്ഷണ കോഡുകള്‍ പുതുക്കാന്‍ ഐഎടിഎയോ അല്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ട മറ്റാരെങ്കിലുമോ തയ്യാറാകേണ്ടതുണ്ടെന്നും സോഷ്യല്‍മീഡിയയിലുടെ പലരും മറുപടി നല്‍കുന്നു.