കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം പാലിക്കാത്ത ജീവനക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികൾ കൈക്കൊള്ളുമെന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മന്ത്രാലയത്തിന്‍റെ ഫിംഗര്‍പ്രിന്‍റ് സിസ്റ്റം സിവില്‍ സര്‍വീസ് ബ്യൂറോയുമായി സംയോജിപ്പിച്ചതിനെ തുടര്‍ന്നാണ് ഇതിന് വഴിയൊരുങ്ങിയത്.
പുതിയ വിരലടയാള സംവിധാനം ജീവനക്കാര്‍ പാലിക്കുന്നത് മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദ്യാഭ്യാസ വൃത്തങ്ങള്‍ അറിയിച്ചു. മന്ത്രാലയത്തിന്‍റെ കേന്ദ്ര ഓഫീസിലെ ഹാജര്‍ വകുപ്പുകളും വിവിധ വിദ്യാഭ്യാസ ജില്ലകളും ഉദ്യോഗസ്ഥര്‍ ഓഫീസുകളിലേക്ക് വരുന്നതും പോകുന്നതുമായ സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന കാര്യം നിരീക്ഷിച്ചുവരികയാണ്. ഇതിനായി ഇവയെ മന്ത്രാലയം ചുമതലപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന പക്ഷം നിയമം അനുശാസിക്കുന്ന രീതിയില്‍ ശമ്പളത്തില്‍ നിന്ന് പിഴത്തുക ഈടാക്കുമെന്നും, ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ ഹാജര്‍ ലംഘനങ്ങള്‍ സെപ്റ്റംബറിലെ ശമ്പളത്തില്‍ പ്രതിഫലിക്കുമെന്നും മന്ത്രാലയം അറിയിച്ചു.