ശിഖർ ധവാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Share

ഇന്ത്യൻ മുൻ ഓപ്പണർ ശിഖർ ധവാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഏവരോടും നന്ദിയുണ്ടെന്ന് ധവാൻ എക്‌സിൽ കുറിച്ചു. ആഭ്യന്തര മത്സരങ്ങളിലും ഇനി കളിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
“എന്റെ ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം ഇവിടെ അവസാനിക്കുകയാണ്.എണ്ണമറ്റ ഓർമ്മകളും നന്ദിയും ഞാൻ ഇതിനോടൊപ്പം കൊണ്ടുപോകുകയാണ്.ഏവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി! ജയ് ഹിന്ദ് !” – എന്നായിരുന്നു ധവാൻ എക്‌സിൽ കുറിച്ചത്.
2004ലെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ മൂന്ന് സെഞ്ചുറികളോടെ 505 റണ്‍സടിച്ചാണ് ശിഖര്‍ ധവാന്‍ രാജ്യാന്തര ശ്രദ്ധ നേടുന്നത്. എന്നാല്‍ ഇന്ത്യൻ ടീമിന്റെ കുപ്പായം അണിയാൻ അദ്ദേഹം വീണ്ടും കാത്തിരിക്കേണ്ടി വന്നു. ഓസ്‌ട്രേലിയക്കെതിരായ 2010-ലെ ഏകദിന ടൂർണ്ണമെന്റിലൂടെയാണ് ധവാൻ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ടി20യില്‍ 2011ലും ടെസ്റ്റില്‍ 2013ലുമാണ് ശിഖര്‍ ധവാന്‍ അരങ്ങേറ്റം കുറിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിന മത്സരങ്ങളും 68 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
2022ലായിരുന്നു ധവാന്‍ അവസാനമായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്. 2021 ജൂലൈയില്‍ അവസാന രാജ്യാന്തര ട്വന്‍റി 20യും കളിച്ചു. 2018 -ലാണ് ധവാൻ അവസാനമായി ടെസ്റ്റിൽ കളിച്ചത്. നിലവിൽ ഐപിഎൽ ടീമായ സൺറൈസേഴ്‌സ് ഹൈദെരാബാദിൽ താരം കളിക്കുന്നുണ്ട്. ഇത് തുടർന്നേക്കുമെന്നാണ് വിവരം.