നാളെ ഭാരത് ബന്ദ്; കേരളത്തിൽ ഹർത്താൽ ആഹ്വാനം ചെയ്ത് ദളിത് സംഘടനകൾ

Share

റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയ്ക്കെതിരായാണ് ഓഗസ്റ്റ് 21 ബുധനാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലും നാളെ ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി ദളിത് സംഘടനകൾ അറിയിച്ചിട്ടുണ്ട്.
എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദ്. സാമൂഹിക രാഷ്ട്രീയ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചേക്കും.അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പൊതുഗതാഗതത്തെ ബന്ദ് ബാധിച്ചേക്കും. ഓഫീസുകൾ പ്രവർത്തന രഹിതമാകാനും സാധ്യതയുണ്ട്. അതേസമയം ആശുപത്രി സേവനങ്ങൾ, ആംബുലൻസ്, പാൽ, പത്രം തുടങ്ങിയ അടിയന്തര സേവനങ്ങളെ ഭാരത് ബന്ദ് ബാധിക്കില്ല.
കേരളത്തിൽ ഭാരത് ബന്ദ് പൊതുഗതാഗതത്തെയും സ്കൂളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെയും ബാധിക്കില്ല. സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സമഗ്ര ജാതി സെന്‍സസ് ദേശീയതലത്തില്‍ നടത്തുക, സുപ്രീം കോടതിവിധി മറികടക്കാൻ പാര്‍ലമെന്‍റ് നിയമനിര്‍മാണം നടത്തുക, എല്ലാത്തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്‌ സി, എസ് ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക എന്നിവയാണ് സംഘടനകളുടെ ആവശ്യം.