ലോകകപ്പ് യോഗ്യതാമത്സരത്തിൽ ലയണല്‍ മെസ്സി മത്സരിക്കില്ല

Share

സെപ്റ്റംബറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാമത്സരത്തിൽ അർജന്റീനൻ ടീം ക്യാപ്റ്റൻ ലയണല്‍ മെസ്സിയെ ഉള്‍പ്പെടുത്തിയിട്ടില്ല. ലോകകപ്പ് യോഗ്യതാമത്സരത്തിൽ അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ വിവരം. സൂപ്പര്‍താരമായ ലയണല്‍ മെസ്സി പരിക്കേറ്റതിനാലാണ് ടീമില്‍ ഉള്‍പ്പെടുത്താത്തത്. ചിലി, കൊളംബിയ ടീമുകള്‍ക്കെതിരേയാണ് യോഗ്യതാമത്സരങ്ങള്‍. 28-അംഗ ടീമിനെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്.
സ്‌ക്വാഡില്‍ നിരവധി യുവതാരങ്ങളെ പരിശീലകന്‍ സ്‌കലോണി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അലജാന്‍ഡ്രോ ഗര്‍നാച്ചോ, വാലന്റിന്‍ കര്‍ബോണി, വാലന്റിന്‍ ബാര്‍കോ, മാത്യാസ് സൗളെ എന്നിവര്‍ ടീമിലുണ്ട്. മിഡ്ഫീല്‍ഡര്‍ എസക്വേല്‍ ഫെര്‍ണാണ്ടസ്, സ്‌ട്രൈക്കര്‍ വാലന്റിന്‍ കാസ്റ്റല്ലാനോസ് എന്നിവര്‍ പുതുമുഖങ്ങളാണ്. ഡിബാല ഇക്കുറിയും ടീമിലില്ല. സെപ്റ്റംബര്‍ 5-ന് ചിലിയേയും 10-ന് കൊളംബിയയേയും അര്‍ജന്റീന നേരിടും.
ക്ലബ്ബ് ഫുട്‌ബോളില്‍ എം.എല്‍.എസ് ക്ലബ്ബ് ഇന്റര്‍ മയാമിക്കായി കളിക്കുന്ന മെസ്സിക്ക് കഴിഞ്ഞമാസം നടന്ന കോപ്പ അമേരിക്ക ഫൈനലിനിടെയാണ് പരിക്കേറ്റത്.കണങ്കാലിന് പരിക്കേറ്റ താരം കോപ്പ ഫൈനല്‍ മത്സരത്തിന്റെ 66-ാം മിനിറ്റില്‍ കളം വിട്ടിരുന്നു. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കൊളംബിയയെ പരാജയപ്പെടുത്തി അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടു. മത്സരശേഷം ഡിമരിയ രാജ്യാന്തരഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയും ചെയ്തു.