കുവൈറ്റ്: കുവൈറ്റില്‍ വന്‍ ലഹരിവേട്ട പിടികൂടി. മയക്കുമരുന്ന് വിരുദ്ധ ഏജന്‍സിയായ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഒരു വലിയ അനധികൃത മദ്യവ്യാപാര ശൃംഖല കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍, അനധികൃത വ്യാപാരത്തില്‍ ഏര്‍പ്പെട്ടതിന് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 17 വ്യക്തികളെ അറസ്റ്റ് ചെയ്തതായും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് ഈയിടെ മയക്കുമരുന്നിനും മദ്യത്തിനും എതിരായ ക്യാമ്പയിന്‍ ആഭ്യന്തര മന്ത്രാലയം ശക്തിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ലഹരി വിരുദ്ധ റെയ്ഡ് നടത്തിയത്.
ഒരു ലക്ഷം കുവൈറ്റ് ദിനാര്‍ വിപണി മൂല്യം കണക്കാക്കുന്ന വ്യത്യസ്ത തരത്തിലും വലുപ്പത്തിലുമുള്ള 1,284 മദ്യക്കുപ്പികളും ലഹരി വസ്തുക്കളും റെയ്ഡിൽ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. കുവൈറ്റില്‍ മയക്കുമരുന്നിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് ഇത്രയേറെ ലഹരി വസ്തുക്കളുടെ ശേഖരം പിടികൂടിയത്. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിന് പ്രാദേശികമായി ഉല്‍പ്പാദിപ്പിച്ചവയായിരുന്നു മദ്യമെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിന് ശക്തമായ വിതരണ ശൃംഖലയും പ്രവര്‍ത്തിച്ചിരുന്നു. ഈ ശ്രംഖലയില്‍ പെട്ട കണ്ണികളെയാണ് പോലിസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. മദ്യത്തിനും മയക്കുമരുന്നിനും എതിരായ നടപടികള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
കുവൈറ്റില്‍ ഒരു ലക്ഷം കുവൈറ്റ് ദിനാര്‍ വരുന്ന വന്‍ ലഹരിവേട്ട പിടികൂടി
