ന്യൂഡൽഹി: കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലയ്ക്ക് ഇരയായതിന് പിന്നാലെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി സുപ്രീംകോടതി. കൊൽക്കത്ത കൊലപാതകത്തില്‍ രണ്ട് അഭിഭാഷകൾ നൽകിയ പരാതിയെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇന്ന് വിഷയം പരിഗണിക്കവെയാണ് സുപ്രധാന നടപടി. നിലവിൽ ജൂനിയർ, സീനിയർ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർദേശങ്ങള്‍ തയാറാക്കാൻ 10 പേരടങ്ങുന്ന ദേശീയ ദൗത്യ സേനയെ സുപ്രീംകോടതി രൂപീകരിച്ചു. മൂന്നാഴ്ചയ്ക്കകം ഇടക്കാല റിപ്പോർട്ടും രണ്ട് മാസത്തിനുള്ളില്‍ പൂർണറിപ്പോർട്ടും സമർപ്പിക്കണമെന്നാണ് നിർദ്ദേശം. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കാൻ സിബിഐക്ക് കോടതി നിർദേശം നൽകി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.
സർജൻ വൈസ് അഡ്മിറല്‍ ആർ സരിൻ, ഡോ. ഡി നാഗേശ്വർ റെഡ്ഡി, ഡോ. എം ശ്രീനിവാസ്, ഡോ. പ്രതിമ മൂർത്തി, ഡോ. ഗോവർധൻ ദത്ത്, ഡോ. സുമിത്ര റാവത്ത്, പ്രൊഫ. അനിത സക്സേന (എയിംസ് ഡല്‍ഹി), പ്രൊഫ. പല്ലവി സാപ്രെ (ഡീൻ ഗ്രാൻഡ് മെഡിക്കല്‍ കോളേജ്, മുംബൈ), ഡോ. പദ്മ ശ്രീവാസ്തവ (എയിംസ്) എന്നിവരാണ് പാനലിലുള്ളത്. ആക്ഷൻ പ്ലാൻ തയാറാക്കുന്നതിനായി ദേശീയ ദൗത്യ സേനയ്ക്ക് നിർദേശങ്ങളും കോടതി നല്‍കിയിട്ടുണ്ട്.
ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട സംഭവം മാത്രം ബന്ധപ്പെട്ട ഒരു വിഷയമല്ല സുരക്ഷ നടപടി. രാജ്യത്തെ എല്ലാ ഡോക്ടർമാരുടേയും സുരക്ഷ സംബന്ധിച്ചുള്ളതാണെന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. സുരക്ഷിതമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കാൻ പ്രോട്ടോക്കോള്‍ സൃഷ്ടിക്കണം. സ്ത്രീകള്‍ക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ലെങ്കില്‍, സുരക്ഷിതമുള്ള തൊഴിലിടങ്ങള്‍ ഇല്ലെങ്കില്‍ നമ്മള്‍ അവർക്ക് തുല്യത നിഷേധിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം ജൂനിയർ ഡോക്ടർ കൊലപ്പെട്ടതുമായി ബന്ധപ്പെട്ട് അതിവേഗ നടപടി എടുക്കാത്തതിൽ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവായ മമത ബാനർജിയുടെ നടപടിയെ സുപ്രീം കോടതി ചോദ്യം ചെയ്തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിലും, മരണപ്പെട്ട ഒരു ഡോക്ടർക്ക് ഇങ്ങനെയാണോ ബഹുമാനം നല്‍കുന്നതെന്നും കോടതി ചോദിച്ചു.