റിയാദ് – തിരുവനന്തപുരം വിമാന സർവീസുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

Share

തിരുവന്തപുരം: സൗദി തലസ്ഥാനമായ റിയാദിനെയും തിരുവനന്തപുരത്തേയും ബന്ധിപ്പിച്ച്കൊണ്ട് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വിസ്. തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന രീതിയിലാണ് ക്രമീകരണം. സെപ്റ്റംബര്‍ ഒമ്പത് മുതൽ സര്‍വിസ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദിയിലെ പ്രവാസികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന സര്‍വീസിനാണ് തുടക്കമാവാന്‍ പോകുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് വൈകീട്ട് 5.55ന് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന വിമാനം രാത്രി 10.40ന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തും. ഈ വിമാനം രാത്രി 11.40ന് വീണ്ടും തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. പിറ്റേന്ന് രാവിലെ 7.30നാവും തിരുവനന്തപുരത്തെത്തിച്ചേരുക.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം നിവാസികള്‍ക്കും ഒപ്പം തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്കും എയര്‍ ഇന്ത്യയുടെ ഈ സര്‍വീസ് വലിയ ആശ്വാസമാവും. നിലവില്‍ നേരിട്ടുള്ള സര്‍വീസ് തിരുവനന്തപുരത്തുനിന്നും റിയാദിലേക്കില്ലെന്നതിനാല്‍ പ്രവാസികള്‍ പല നഗരങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞാണ് 12 മുതല്‍ 15 മണിക്കൂര്‍വരെ ദീര്‍ഘിച്ച യാത്രക്കൊടുവില്‍ ലക്ഷ്യത്തിലെത്തുന്നത്.
ആഴ്ചയില്‍ ഒരു സര്‍വീസ് ആണ് നടത്തുകയെന്നും എല്ലാ തിങ്കളാഴ്ചയുമായിരിക്കും വിമാനം തിരുവനന്തപുരത്തേക്ക് പറക്കുകയെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.