മൃതദേഹം മാറി നൽകി; സ്വകാര്യ ആശുപത്രിയ്ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി സുപ്രീംകോടതി

Share

എറണാകുളത്തെ സ്വകാര്യ ആശുപത്രിയ്ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിയുമായി സുപ്രീം കോടതി. മൃതദേഹം മാറി നല്‍കിയ സംഭവത്തിലാണ് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ് റദ്ദാക്കികൊണ്ടുള്ള സുപ്രീം കോടതി വിധി. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
2009ലാണ് കേസിന് ആസ്പദമായ സംഭവം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പുരുഷോത്തമന്‍, കാന്തി എന്നിവരുടെ മൃതദേഹങ്ങള്‍ തമ്മിലാണ് മാറി പോയത്. കാന്തിയുടെ കുടുംബത്തിന് ലഭിച്ച പുരുഷോത്തമന്റെ മൃതദേഹം അവര്‍ സംസ്‌കരിച്ചു. പുരുഷോത്തമന്റെ കുടുംബം മൃതദേഹം അന്വേഷിച്ച് എത്തിയപ്പോള്‍ എത്തിയപ്പോള്‍ കാന്തിയുടെ മൃതദേഹമായിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നത്.
അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ കഴിയാത്തത് ചൂണ്ടിക്കാട്ടി പുരുഷോത്തമന്റെ മക്കളായ ഡോ. പി.ആര്‍. ജയശ്രീയും പി.ആര്‍. റാണിയും 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.
ആശുപത്രി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആദ്യം കമ്മിഷന്റെ ഉത്തരവ്. ഇതിനെതിരെ ആശുപത്രി നല്‍കിയ ഹര്‍ജിയില്‍ തുക അഞ്ച് ലക്ഷമായി കുറച്ചു. പുരുഷോത്തമന്റെ സംസ്‌കാരം മതാചാര പ്രകാരമാണ് നടന്നതെന്നും ചിതാഭസ്മം ബന്ധുക്കള്‍ക്ക് കൈമാറിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതോടെ പുരുഷോത്തമന്റെ മക്കള്‍ സുപ്രീം കോടതിയെ സമീപിച്ചു.
ആശുപത്രിയുടെ അനാസ്ഥമൂലം പുരുഷോത്തമന്റെ ബന്ധുക്കള്‍ക്ക് അന്ത്യസംസ്‌കാരം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അത് കടുത്ത മനോവിഷമത്തിന് ഇടയാക്കിയെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ് വാദിച്ചു. തുടര്‍ന്നാണ് 25 ലക്ഷം തന്നെ ആശുപത്രി നല്‍കണമെന്ന ഉത്തരവ് വന്നത്.