വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെത്തി. സർക്കാർ കണക്കുപ്രകാരം 210 മരണമാണ് സ്ഥിരീകരിച്ചത്. തിരിച്ചറിയാൻ സാധിക്കാത്ത 74 മൃതദേഹങ്ങൾ പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. 206 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്നത്തെ തരെച്ചിൽ. റഡാർ അടക്കമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. 86 പേർ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
ഇന്നലെ റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും ജീവന്റെ തുടിപ്പ് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഏറെ നേരത്തെ തെരച്ചിൽ യാതൊന്നും കണ്ടെത്താൻ സാധിക്കാത്തതിനെ തടുർന്ന് ദൗത്യസംഘം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം വയനാട്ടിലെ ദുരന്തമേഖലയായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണ പദാർഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കലക്ടർ ഡിആർ മേഘശ്രീ. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന വളണ്ടിയർമാർക്കും സർക്കാർ ഏജൻസികളിൽ നിന്നുള്ളവർക്കും ഭക്ഷണം മേപ്പാടിയിലെ അടുക്കളയിലാണ് തയ്യാറാക്കുന്നത്. ഇവിടെ നിന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ ചൂരൽമലയിൽ ഒരുക്കിയിട്ടുള്ള ഫുഡ് സെന്ററിൽ ഭക്ഷണം എത്തിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ഭക്ഷണസാധനങ്ങൾ പ്രത്യേകം നിയോഗിച്ചുള്ള ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മുഖാന്തരമാണ് നൽകുന്നത്