മേപ്പാടി: പ്രകൃതി ദുരന്തങ്ങളിലും മറ്റു അപകടങ്ങളിൽ എല്ലാം സഹജീവി സ്നേഹത്തിന്റെയും, ചേർത്തുപിടിക്കലിന്റേയും നിരവധി കാഴ്ചകള്‍ കേരളം കണ്ടു. പണവും, ഭക്ഷണവും, വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളുമായി ഉള്ളതിന്റെ ഒരോഹരി പലരും കൊടുത്തപ്പോള്‍ ഉപജീവനമാർഗത്തില്‍ ഉള്ളതെല്ലാം പെറുക്കിക്കൊടുക്കുന്ന ഹൃദയഹാരിയായ നിമിഷങ്ങള്‍ക്കും നമ്മള്‍ സാക്ഷിയായി. കുരുന്നുകള്‍ മുതല്‍ വയോധികർ വരെ ആ സഹായനിരയില്‍ അണിനിരന്നു. ഇപ്പോഴിതാ വയനാട് മുണ്ടക്കൈയില്‍ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന് കേരളം ഇരയായപ്പോള്‍ അവിടെയും അത്തരം സഹായമനസ്കതയുടെ മഹാഅധ്യായങ്ങള്‍ രചിക്കപ്പെടുകയാണ്.
അത്തരമൊരു മധുരമാതൃകയെ കുറിച്ചാണ് പറയുന്നത്. ദുരന്തഭൂമിയില്‍ നിന്ന് പെറ്റമ്മയെ നഷ്ടമായ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ വേണമെങ്കില്‍ പറയണം, തന്റെ ഭാര്യ തയാറാണ് എന്ന് അറിയിച്ചിരിക്കുകയാണ് ഒരു പൊതുപ്രവർത്തകൻ. ദുരന്തമുഖത്തുനിന്ന് ഓരോരുത്തരെയും രക്ഷപ്പെടുത്താനുള്ള ദൗത്യം ദുഷ്കരമാണെങ്കിലും രക്ഷാപ്രവർത്തകർ സാധ്യമായ രീതിയിലെല്ലാം പ്രതീക്ഷയോടെ നീങ്ങുന്നതിനിടെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് വന്ന ഹൃദയഹാരിയായ ഈ അഭ്യർഥന സമൂഹമാധ്യമങ്ങളില്‍ ചർച്ചയാവുന്നത്. എന്നാൽ ഈ പോസ്റ്റിനെതിരെ പുച്ഛിക്കാനും, കളിയാക്കാനുമായി ഇറങ്ങി തിരിക്കുന്നവർ ഏറെയാണ്. സന്ദർഭത്തിനനുസരിച്ച് സമയോചിതമായി പെരുമാറാൻ യുവത്വത്തിന് തന്നെ അറിയാത്ത അവസ്ഥയാണ്.
എന്നാൽ ഈ പോസ്റ്റ് പ്രചരിച്ചതോടെ പിന്തുണനൽകികൊണ്ട് നിരവധി നല്ല വാക്കുകളും ലഭിച്ചു. ദൈവം അനുഗ്രഹിക്കട്ടെ- എന്നൊക്കെയും ആളുകള്‍ പറയുന്നു. ഇത്തരത്തില്‍ വൻ കൈയടിയാണ് ആ യുവതിയുടെയും ഭർത്താവിന്റേയും മനസിന് സൈബറിടം നല്‍കുന്നത്. ഇവരെ പോലുള്ളവർ ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ദുരന്തത്തിനും നമ്മെ തോല്‍പിക്കാനാവില്ല, ഇതാണ് കേരളം.നമുക്കഭിമാനിക്കാം ആ സഹോദരിയെയും സഹോദരനെയും കുറിച്ചോർത്ത്.