പാരീസ് ഒളിമ്പിക്സിൽ മെഡൽ നേട്ടത്തിനായി ഇന്ത്യ കാത്തിരിപ്പ് തുടരുന്നു. രണ്ട് വെങ്കലം മാത്രമുള്ള ഇന്ത്യ മെഡൽ പട്ടികയിൽ 39 -ാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം 33 -ാം സ്ഥാനത്തായിരുന്നു ഇന്ത്യ. സ്വർണം, വെള്ളി മെഡലുകൾ അക്കൗണ്ടിൽ എത്തിയെങ്കിൽ മാത്രമേ ഇന്ത്യക്ക് പട്ടികയിൽ സ്ഥാനക്കയറ്റം ലഭിക്കൂ. അതേസമയം, ബാഡ്മിന്റണിൽ അടക്കം മെഡൽ വരാനുള്ള സാധ്യതകൾ ഇതിനിടെ സജീവമായി എന്നതും ശ്രദ്ധേയം.
അത്‌ലറ്റിക്സ് പോരാട്ടങ്ങൾക്ക് ഇന്നു തുടക്കം കുറിക്കുന്നതോടെ ഇന്ത്യ ഏറെ പ്രതീക്ഷയിലാണ്. പുരുഷ – വനിതാ വിഭാഗം 20 കിലോ മീറ്റർ നടത്തമാണ് അത്‌ലറ്റിക്സിലെ ആദ്യ മത്സരം. പുരുഷ വിഭാഗം 20 കിലോ മീറ്റർ നടത്തത്തിൽ ഇന്ത്യയുടെ മൂന്നു താരങ്ങൾ പങ്കെടുക്കുന്നുണ്ട്. പരംജീത് സിങ് ബിസ്ത്, ആകാഷ് ദീപ് സിങ്, വികാസ് സിങ്, എന്നിവരാണ് ഇന്ത്യക്കു വേണ്ടി ഇറങ്ങുന്നത്. വനിതാ 20 കിലോ മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമിയാണ് ഇന്ത്യൻ ജേഴ്സി അണിയുക.
ബാഡ്മിന്റണിൽ ഇന്ത്യക്ക് രണ്ട് സൂപ്പർ പോരാട്ടങ്ങളുണ്ട്. പുരുഷ സിംഗിൾസ് പ്രീ ക്വാർട്ടറിൽ മലയാളി താരം എച്ച്എസ് പ്രണോയ് ലക്ഷ്യ സെന്നിനെ നേരിടും. വൈകുന്നേരം 5.40 നാണ് ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള ഈ പോരാട്ടം. അതേസമയം, പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്സായ്‌രാജ് – ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടർ ഫൈനലിന് ഇറങ്ങും.