വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 152 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിച്ചശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.
നിലവിൽ 99 പേരാണ് അഞ്ചു ക്യാമ്പുകളിലായി ഉള്ളത് (വയനാട്-98, മലപ്പുറം-1). ആകെ 195 പേരാണ് ആശുപത്രികളിൽ എത്തിയത്. ഇതിൽ 190 പേർ വയനാട്ടിലും 5 പേർ മലപ്പുറത്തുമായിരുന്നു. വയനാട്ടിൽ എത്തിയ 190 പേരിൽ 133 പേർ വിംസിലും 28 പേർ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേർ കൽപ്പറ്റ ജനറൽ ആശുപത്രിയിലും 5 പേർ വൈത്തിരി താലൂക് ആശുപത്രിയിലും എത്തി. നിലവിൽ 97 പേർ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതിൽ 92 പേരും വയനാട്ടിലാണ്.
അതേസമയം കനത്ത മഴ തുടരുന്നതിനാൽ നീരൊഴുക്ക് വർധിയ്ക്കുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. നിലവിൽ ഉയർത്തിയിട്ടുള്ള 20 cm എന്നതിൽ നിന്ന് 40 cm കൂടി വർധിപ്പിച്ച് 60 cm ആയാണ് ഉയർത്തിയത്. അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ള 100 cm എന്നതിൽ നിന്ന് 150 cm ആയി ഇന്ന് ഉച്ചകഴിഞ്ഞ 2 മണിക്കും ഉയർത്തും. സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.