കേരളത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്;നൂറിലേറെ പേര്‍ ഇനിയും മണ്ണിനടിയിൽ

Share

രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ കേരളത്തിന് സഹായം പ്രഖ്യാപിച്ച് അയല്‍ സംസ്ഥാനമായ തമിഴ്‌നാട്. കേരളത്തിന് അഞ്ച് കോടി രൂപയുടെ ധനസഹായമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച സ്റ്റാലിന്‍ ദുരന്തത്തെക്കുറിച്ച് ആരാഞ്ഞു. രണ്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെയും, ഫയര്‍മാന്‍മാരുടെയും എസ്ഡിആര്‍എഫിന്റെയും ഒരു സംഘത്തെയും മെഡിക്കല്‍ സംഘത്തോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസത്തിലും സഹായിക്കാന്‍ തമിഴ്നാട് നിയോഗിക്കുമെന്ന് സ്റ്റാലിന്‍ അറിയിച്ചു.
അതേസമയം മരണസംഖ്യ 84 ആയി ഉയർന്നു. അതിൽ 35 പേരെ തിരിച്ചറിഞ്ഞു. ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. നൂറിലേറെ പേര്‍ മണ്ണിനടിയിലാണെന്നും റിപ്പോർട്ട് ഉണ്ട്.  ഗുരുതര പരിക്കേറ്റവരടക്കം പ്രദേശത്ത് ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇവര്‍ക്കരികിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല. മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 18 മൃതദേഹങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജില്‍ അഞ്ച് മൃതദേഹങ്ങളുമുണ്ടെന്നാണ് ജില്ല ഭരണകൂടം നല്‍കുന്ന വിവരം.
ചാലിയാറിലൂടെ നിലമ്പൂരിലേക്ക് ഒഴുകി വന്നത് 20 മൃതദേഹങ്ങളാണ്. നൂറിലേറെ പേര്‍ വിവിധ ആശുപത്രിയിലായി ചികിത്സയിലുണ്ട്. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ 100 ലേറെ പേര്‍ കുടുങ്ങി കിടക്കുന്നു. ചൂരല്‍മലയില്‍ നിന്ന് 101 പേരെ രക്ഷപ്പെടുത്തി. കനത്ത മഴ തുടരുന്നതിനാല്‍ ചാലിയാറിലും ജനനിരപ്പ് ഉയരുകയാണ്. ചാലിയാറിന് കുറുകെ വടംകെട്ടി കരകടന്നാണ് മൃതദേഹം ആശുപത്രിയിലെത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ദുരന്തഭൂമിയിലെത്തിയിട്ടുണ്ട്. കലാവസ്ഥ പ്രതികൂലമായതിനാല്‍ എയര്‍ലിഫ്റ്റിങ് നടത്താനായിട്ടില്ല. അത്യാവശ്യമായ ഉപകരണങ്ങള്‍ ഒന്നും ഇല്ലെന്നതും രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.