വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു; 35 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Share

കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. വയനാട്ടില്‍ മാത്രം 35 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കാണിത്. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍നിന്ന് ആറു മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കും ഇടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ദുരന്തസ്ഥലത്ത് എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ദുരന്തവുമായി ബന്ധപ്പെട്ട മൊത്തം ഏകോപന ചുമതല മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി(എ.എസ്.ഡി) ആയ കാര്‍ത്തികേയന്‍ ഐ.എ.എസിനെ ഏല്‍പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വി. സാംബശിവ റാവു ഐ.എ.എസ് വയനാട്ടില്‍ ക്യാംപ് ചെയ്ത് ജില്ലയിലെ രക്ഷാപ്രവര്‍ത്തനം ഏകോപിക്കും. സ്‌പെഷ്യല്‍ ഓഫിസറായാണ് അദ്ദേഹം പ്രവര്‍ത്തിക്കുക.
വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലമ്പൂർ ഭാഗത്തു കണ്ടെത്തി. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി ആറു പേരുടെ മൃതദേഹഭാഗങ്ങള്‍ ഒഴുകിയെത്തി. രാവിലെ പലയിടങ്ങളിലും വേറെയും ശരീരങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്നതായി പറയുന്നുണ്ട്. ഒരു കുട്ടിയുടേത് ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹം രാവിലെ തന്നെ കണ്ടെടുത്തു. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒലിച്ചു വന്നതാണെന്നാണ് നിലവിലെ നി​ഗമനം. വയനാടിന്റെ അതിർത്തി മേഖലയാണ് പോത്തുകൽ. ചാലിയാർ വനത്തിലൂടെ ശക്തമായ ഒഴുക്കില്‍ മൃതശരീരങ്ങൾ പോത്തുകൽ മേഖലയിലെത്തിയതെന്ന് സംശയിക്കുന്നു. വെള്ളിലമ്പാറ കോളനിയിൽ നിന്നാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭൂതാനം മച്ചിക്കൈയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വെള്ളിലമാട് നിന്ന് മൃതദേഹഭാ​ഗം ലഭിച്ചു. കുനിപ്പാറയിൽ മൂന്ന് വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.