ഇന്ന് നിർണായകം; മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്ന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു

Share

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായുള്ള തിരച്ചിൽ പത്താംദിവസത്തിലേക്ക്. ആര്‍മിക്കൊപ്പം എന്‍ ഡി എആര്‍ എഫ് സംഘവും ചേർന്നുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ബൂം എസ്‌കവേറ്റര്‍ പ്രവര്‍ത്തനം നടത്തിയാണ് തിരച്ചിൽ നടക്കുന്നത്.
അര്‍ജുന്റെ ലോറി എവിടെയെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതിനാല്‍ ഇന്നത്തെ രക്ഷപ്രവര്‍ത്തനം നിര്‍ണ്ണായകമാണെന്നാണ് വിലയിരുത്തൽ. ലോറിക്കുള്ളില്‍ അര്‍ജുന്‍ ഉണ്ടോയെന്നാവും ആദ്യം പരിശോധിക്കുക എന്നാണ് സൂചന. ലോറിയുടെ കിടപ്പ് മനസ്സിലാക്കാന്‍ ഡ്രോണ്‍ ബെയ്‌സ്ഡ് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന നടക്കും. ഒമ്പത് മണിയോടെ ഡ്രോണ്‍ എത്തിക്കുമെന്നാണ് സൂചന. റിട്ടയർഡ് മേജർ ജനറൽ എം ഇന്ദ്രപാൽ ഇന്ന് ദൗത്യസംഘത്തിന് ഒപ്പം ചേരും.
അതേസമയം സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കിയിരിക്കുകയാണ് മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബം. അമ്മയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകള്‍ക്കെതിരെയാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയുണ്ട്.
അര്‍ജുന്റെ അമ്മ സൈന്യത്തെ ഉള്‍പ്പെടെ വിമര്‍ശിച്ച് വൈകാരികമായി സംസാരിച്ചതോടെയാണ് ഒരു വിഭാഗം ഇവര്‍ക്കെതിരെ തിരിഞ്ഞത്. അര്‍ജുനെ ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ലെന്നാണ് അമ്മ ഷീല പറഞ്ഞത്. അര്‍ജുന്‍ വീഴാന്‍ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്. ഇനി യാതൊരു പ്രതീക്ഷയുമില്ല. സൈന്യം എത്തിയപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ ഇല്ലാതായി. സൈന്യം മതിയായ രീതിയില്‍ ഇടപെട്ടുവെന്ന് തോന്നുന്നില്ലെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമായത്.